സിറിയയുമായി സാമ്പത്തിക വ്യാപാര സഹകരണത്തിന് സൗദി
text_fieldsറിയാദ്: സാമ്പത്തിക സഹകരണത്തിനും വ്യാപാര ബന്ധങ്ങൾക്കും വഴിതുറന്ന് സൗദി അറേബ്യയും സിറിയയും. സൗദി, ചൈനീസ് വ്യാപാര സമ്മേളനത്തിനു പിന്നാലെ റിയാദിൽ യോഗം ചേർന്ന ഇരുരാജ്യത്തെയും വ്യാപാര, വ്യവസായ മേഖലയിലെ ഉന്നതർ ഇതുസംബന്ധിച്ച് ധാരണയിലെത്തി.
ആഭ്യന്തര കലാപവും അത് ക്രൂരമായി അടിച്ചമർത്തിയതിന്റെ പേരിൽ 2011 മുതൽ അറബ് രാഷ്ട്രങ്ങളിൽനിന്ന് നേരിടേണ്ടിവന്ന ഉപരോധവും സാമ്പത്തികമായി തളർത്തിയ സിറിയക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല.
ധാരണപ്രകാരം ഇരുഭാഗത്തും ലഭ്യമായ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംരംഭകരെ രണ്ടു രാജ്യങ്ങളും പ്രേരിപ്പിക്കുകയും വ്യാപാര സന്തുലിതാവസ്ഥ ഉയർത്തുന്നതിന് സാമ്പത്തിക ഫോറങ്ങൾ സ്ഥാപിക്കുകയും ചെയ്യും. അറബ് അയൽരാജ്യങ്ങൾക്കായി സിറിയ അവസരങ്ങൾ തുറന്നുകൊടുക്കും. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ഹസൻ അൽ ഹുവൈസിയും ഫെഡറേഷൻ ഓഫ് സിറിയൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് മുഹമ്മദ് അബു അൽഹുദ അൽ ലഹാമുമാണ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്.
അറബ്-ചൈന ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് സിറിയൻ സംഘം തലസ്ഥാനത്തെത്തിയത്. സിറിയയോടും അവിടത്തെ ജനങ്ങളോടുമുള്ള സൗദിയുടെ സഹോദര നിലപാടുകളെ സിറിയൻ പ്രതിനിധി സംഘം അഭിനന്ദിച്ചു. രാജ്യം സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സംഭവവികാസങ്ങൾ അനുസ്മരിച്ച അവർ സൗദി വിപണിയിൽ പ്രവേശിക്കാനും വിവിധ സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്താനുമുള്ള സിറിയൻ വ്യാപാര മേഖലയുടെ ആഗ്രഹവും പ്രകടിപ്പിച്ചു.
കഴിഞ്ഞമാസം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയുടെ തയാറെടുപ്പ് യോഗങ്ങളിൽ സംബന്ധിച്ച സിറിയൻ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും സിറിയയിൽ നിക്ഷേപം നടത്താൻ അറബ് രാഷ്ട്രങ്ങളോട് അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.