ഇന്ത്യ, റഷ്യ, ബ്രസീൽ വിദേശകാര്യമന്ത്രിമാരുമായി സൗദി വിദേശ കാര്യ മന്ത്രി അമീർ ഫൈസൽ കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) മന്ത്രിതല സമ്മേളനത്തിനിടെ ഇന്ത്യ, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. അതിനിടെ മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് സൗഹൃദ രാഷ്ട്രങ്ങളിലെ തന്റെ സമാന ചുമതലയുള്ളവരെ അമീർ ഫൈസൽ കാണുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തത്. സമ്മേളനത്തിലെത്തിയ ഇതര ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഇതുപോലെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ്, ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേറ എന്നിവരുമായി പ്രത്യേകം പ്രത്യേകമായാണ് കൂടിക്കാഴ്ചകൾ നടന്നത്.
കൂടിക്കാഴ്ചയിൽ, ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികൾ ആരായുകയും പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അതിനായി നടത്തിയ ശ്രമങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.
വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. സഊദ് അൽ സാത്തി, അന്തർദേശീയകാര്യ അണ്ടർസെക്രട്ടറിയും പബ്ലിക് ഡിപ്ലോമാറ്റി അഫയേഴ്സ് ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുൽ റഹ്മാൻ അൽ റാസി എന്നിവർ സൗദി ഭാഗത്ത് നിന്ന് മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറോടൊപ്പം മന്ത്രാലയ ഉദ്യോഗസ്ഥ പ്രതിനിധി സംഘവും റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബൂ മാത്തൻ ജോർജും സഹ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടിക്കാഴ്ചക്കിടയിൽ ഇന്ത്യൻ പ്രതിനിധികൾ അമീർ ഫൈസൽ ബിൻ ഫർഹാനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. റിയാദിൽ നടക്കുന്നത് ജി.സി.സിയുടെ 161-ാമത് മന്ത്രിതലസമിതി യോഗമാണ്. അതിൽ പങ്കെടുക്കുന്ന ഇതര ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഇന്ത്യ, റഷ്യ, ബ്രസീൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.