സൗദി വിദേശകാര്യ മന്ത്രിയും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: സിറിയൻ തലസ്‌ഥാനമായ ദമാസ്കസിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസിഡന്റ് ബശ്ശാർ അൽ-അസദുമായി കൂടിക്കാഴ്ച നടത്തി. സിറിയയുടെ ദശാബ്ദക്കാലത്തെ ഒറ്റപ്പെടൽ അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച ദമാസ്കസിലെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സിറിയൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അവസാനിപ്പിക്കുക, ദേശീയ അനുരഞ്ജനം സാധ്യമാക്കുക, സിറിയയെ അറബ് കൂട്ടായ്മയിലേക്ക് തിരികെ കൊണ്ടുവരിക എന്നതടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. സിറിയയുടെ ഐക്യവും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുംവിധം നിലവിലുള്ള പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുക എന്നതാണ് സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദർശന ലക്ഷ്യം.
സിറിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ഫൈസൽ ബിൻ ഫർഹാൻ സിറിയൻ പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയതായാണ് വിവരം. സിറിയൻ പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും ആശംസ നേർന്ന സിറിയൻ പ്രസിഡന്റ് അമീർ ഫൈസലിന്റെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്.
2011ൽ സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് സൗദി ഭരണ നേതൃത്വത്തിൽ നിന്നൊരാൾ ദമാസ്കസിലെത്തുന്നത്. സ്വന്തം ജനതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ട അസദിന്റെ സർക്കാറുമായി 2012ലാണ് സൗദി അറേബ്യ ബന്ധം വിച്ഛേദിച്ചത്. പിന്നീട് പല അറബ് രാജ്യങ്ങളും സിറിയയുമായുള്ള ബന്ധം വിച്ഛേദിക്കുകയും അറബ് ലീഗിൽ നിന്നുതന്നെ സിറിയ പുറത്താവുകയും ചെയ്തു.
അസദിനെ പിന്തുണച്ചിരുന്ന ഇറാനുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യം പ്രാദേശിക ബന്ധങ്ങളിലും വലിയ മാറ്റമാണ് വരുത്തുന്നത്. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്ദാദ് സൗദിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് മന്ത്രി ഫൈസലിന്റെ സന്ദർശനവും അസദുമായുള്ള ചർച്ചയും. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. സഊദ് അൽ സാത്തി, അമീർ ഫൈസലിന്റെ ഓഫിസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ദാവൂദ് എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.