ബ്രിക്സ് പ്ലസ് ഉച്ചകോടിയിൽ സൗദി വിദേശകാര്യമന്ത്രി; ബ്രിക്സ് രാജ്യങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരും
text_fieldsറിയാദ്: ബ്രിക്സ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സൗദി അറേബ്യ തുടരുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ നഗരമായ കസാനിൽ ‘ബ്രിക്സ് പ്ലസ് 2024’ ഉച്ചകോടിയിൽ സംസാരിച്ച അദ്ദേഹം ആഗോള സംഘർഷങ്ങൾ വർധിക്കുന്നതിലെ ആശങ്കയും പങ്കുവെച്ചു. ബ്രിക്സ് ഗ്രൂപ്പിൽ ചേരാൻ ക്ഷണിക്കപ്പെട്ട രാജ്യമെന്ന നിലയിലാണ് ഉച്ചകോടിയിൽ സൗദി പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാനുള്ള ശ്രമത്തിൽ എല്ലാ മേഖലകളിലും ബ്രിക്സ് രാജ്യങ്ങളുമായി സഹകരണത്തിെൻറ ചക്രവാളങ്ങൾ വിപുലപ്പെടുത്തുമെന്ന് അമീർ ഫൈസൽ വ്യക്തമാക്കി. സൗദിയും ബ്രിക്സ് രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ശക്തമാകുന്ന ബന്ധങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിലെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരത്തിെൻറ അളവ് 2023-ൽ 19,600 കോടി ഡോളർ കവിഞ്ഞു. ഇത് രാജ്യത്തിെൻറ മൊത്തം വിദേശ വ്യാപാരത്തിെൻറ 37 ശതമാനമാണ്. ആഗോള വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനും ഗ്രൂപ്പിലെ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സംഘർഷങ്ങൾ വർധിക്കുന്നതിൽ സൗദി അറേബ്യക്ക് വലിയ ആശങ്കയാണുള്ളത്. ആഗോള വെല്ലുവിളികളെ നേരിടാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കേണ്ട നിർണായക സമയമാണിത്.
വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും ധ്രുവീകരണത്തിനും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഇത് ബഹുമുഖ ഫോറങ്ങളുടെ വഴക്കവും ഫലപ്രാപ്തിയും ദുർബലമാക്കുന്നു. എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സൗദി പിന്തുണക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗസ്സയിലെ സംഭവവികാസങ്ങളെ കാണാതിരിക്കരുത്. തുടർച്ചയായ ഇസ്രായേൽ ആക്രമണം പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷക്ക് ഗുരുതര ഭീഷണിയാണ്. നിലവിൽ ആക്രമണം ലബനാനിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. ഈ സംഘർഷം തുടരുന്നത് മേഖലയിൽ സ്ഥിതിഗതികൾ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉടൻ വെടിനിർത്തൽ, തടസ്സമില്ലാത്ത മാനുഷിക സഹായം, ബന്ദികളെ മോചിപ്പിക്കൽ, ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ഗൗരവമായ പ്രതിബദ്ധത എന്നീ കാര്യങ്ങളിൽ ഇനിയും അമാന്തം പാടില്ല.
രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് കഴിഞ്ഞ മാസം ഫലസ്തീനിൽ ദ്വിരാഷട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര സംഖ്യം രൂപവത്കരിച്ചത് ഉൾപ്പെടെ മേഖലയിൽ സമാധാനം കൊണ്ടുവരാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഫലസ്തീനികൾക്ക് സ്വയം നിർണായാവകാശം നൽകുന്നതാണ് സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ഏകമാർഗം. ഫലസ്തീൻ ലക്ഷ്യത്തിനായുള്ള ബ്രിക്സ് രാജ്യങ്ങളുടെ ഐക്യദാർഢ്യത്തെയും കിഴക്കൻ ജറൂസലമിനെ തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള പരിഹാരത്തിനുള്ള പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.