ഗസ്സയിലെ പുതിയ സംഭവവികാസങ്ങൾ; സൗദി വിദേശകാര്യ മന്ത്രി ഫലസ്തീൻ പ്രധാനമന്ത്രിയുമായിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ചചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി യുമായ ഡോ. മുഹമ്മദ് മുസ്തഫയും കൂടിക്കാഴ്ച നടത്തി. സൗദിയിലെത്തിയ ഫലസ്തീൻ പ്രധാനമന്ത്രി വ്യഴാഴ്ചയാണ് റിയാദിലെ മന്ത്രാലയ ആസ്ഥാനത്തുവെച്ചു സൗദി വിദേശകാര്യമന്ത്രിയുമായി ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ചചെയ്തത്. റിയാദിലെത്തിയ ഫലസ്തീൻ പ്രധാനമന്ത്രിയെ സൗദി രാഷ്ട്രീയകാര്യ ഉപമന്ത്രി ഡോ.സൗദ് അൽ സതി, മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡോ. മനൽ റദ്വാൻ, അറബ് ലെവന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ ഹർബി എന്നിവർ ചേർന്നാണ് വരവേറ്റത്. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കുക, ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കുക, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ പുരോഗതിയും നിലവിലെ ഗസ്സയിലെ അവസ്ഥയും റഫ നഗരത്തിലെ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സൗദിയും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ളവഴികളും രാഷ്ട്രീയനേതാക്കൾ അവലോകനം ചെയ്തു. ഫലസ്തീൻ സർക്കാരിന്റെ മുൻഗണനകളും പ്രവർത്തന പരിപാടികളും ചർച്ചയിൽ ഉൾപ്പെടുത്തി. ഗസ്സയിൽ വേഗത്തിൽ സമാധാനം തിരികെകൊണ്ടുവരാനും അക്രമം അവസാനിപ്പിക്കാനും ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള വഴികൾ കൂട്ടായ ശ്രമത്തിലൂടെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഊന്നിപ്പറഞ്ഞു. റഫ അതിർത്തിവഴി കടന്നുകയറ്റം നടത്തിയ ഇസ്രയേലീ യുദ്ധ ടാങ്കുകൾ അവിടെ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്. ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും മേഖലയിലെ സമാധാനത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കുമെന്ന് അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരത്തേ സൗദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പറഞ്ഞിരുന്നു. വിവിധ മേഖലയിൽ നടക്കുന്ന ചർച്ചവഴി ഫലസ്തീൻ പ്രശ്നത്തിന് താൽകാലികമായ പരിഹാരമെങ്കിലുമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സമാധാനം ആഗ്രഹിക്കുന്ന ലോകസമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.