സൗദി വിദേശകാര്യ മന്ത്രി തുർക്കിയയിൽ; ഉഭയകക്ഷി ബന്ധം കാര്യമായപുരോഗതിയിലെന്ന് മന്ത്രി
text_fieldsറിയാദ്: തുർക്കിയയുമായി രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ബന്ധം അതിവേഗം ശക്തിപ്പെടുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയയിലെത്തിയ മന്ത്രി വാർത്തസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ പുരോഗതിയെകുറിച്ച് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏകോപന സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചില സുപ്രധാന നടപടിക്രമങ്ങളിൽ രണ്ട് കൂട്ടരും ഒപ്പുവെച്ചു. രണ്ടാമത്തെ ഏകോപന യോഗം സൗദി തലസ്ഥാനമായ റിയാദിൽ നടത്താനൊരുങ്ങുകയാണ്.
പൊതുതാൽപര്യമുള്ള എല്ലാ മേഖലകളിലും ബന്ധം വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള സമീപനം പിന്തുടരാനും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ തീവ്രവും ശക്തവുമായ നിലപാടാണ് കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് 2023ൽ 608 കോടി ഡോളറിലെത്തി. മുൻ വർഷത്തേക്കാൾ 15 ശതമാനം വളർച്ച കൈവരിച്ചു. രണ്ട് രാജ്യങ്ങളും ആസ്വദിക്കുന്ന സാമ്പത്തിക ശേഷിയുടെയും പൊതുകാഴ്ചപ്പാടിന്റെയും വെളിച്ചത്തിൽ കൂടുതൽ സാമ്പത്തിക സഹകരണം പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഫലപ്രദമായ പങ്കാളിത്തം കൈവരിക്കുന്നതിനായി സൗദി-തുർക്കി കോഓഡിനേഷൻ കൗൺസിലിന്റെ രണ്ടാം സെഷൻ റിയാദിൽ നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീൻ പ്രശ്നവും ഗസക്കെതിരായ ഇസ്രായേൽ ആക്രമണവും ഉൾപ്പെടെ നിരവധി പ്രാദേശിക പ്രശ്നങ്ങൾ തുർക്കി വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്തതായും സൗദി മന്ത്രി വെളിപ്പെടുത്തി. സൗദിക്കും തുർക്കിക്കും ഇക്കാര്യത്തിൽ ഒരേ രാഷ്ട്രീയ നിലപാടാണുള്ളത്. മേഖലയിൽ സമാധാനത്തിന്റെ പാത പുനരുജ്ജീവിപ്പിക്കുക, ഇസ്രായേൽ നടത്തുന്ന കൊലപാതകങ്ങളും നശീകരണവും ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കവും തടയുക, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുക, ഫലസ്തീൻ ജനതക്ക് സഹായം നൽകുക, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ സ്വയം നിർണയാവകാശം നൽകുക എന്നിവക്കായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അമീർ ഫൈസൽ പറഞ്ഞു.
സന്ദർശനത്തിനിടെ തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ഇസ്താംബൂൾ ഡോൾ മാബാഹെ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും അതിനായി നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.
സ്വീകരണച്ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽസാത്വി, തുർക്കിയയിലെ സൗദി അംബാസഡർ ഫഹദ് അബു അൽനാസർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.