സൗദി വിദേശകാര്യ മന്ത്രി സിറിയയിൽ; രാജ്യത്തിന്റെ ഉയർച്ചക്ക് പിന്തുണ
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയയിൽ സന്ദർശനത്തിന് എത്തിയപ്പോൾ
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു. ലബനാൻ സന്ദർശനം പൂർത്തിയാക്കി മണിക്കൂറുകൾക്കുശേഷമാണ് ദമാസ്കസിലേക്ക് തിരിച്ചത്. പുതിയ സിറിയൻ ഭരണകൂടത്തിന്റെ തലവൻ അഹമ്മദ് അൽശറഅ് സൗദി മന്ത്രിയെ പീപ്പിൾസ് പാലസിൽ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
സിറിയക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും എത്രയും വേഗം പിൻവലിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ഉയർച്ചക്ക് പൂർണ പിന്തുണ നൽകുമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ പിന്നീട് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബനിയുമൊത്ത് ഡമസ്കസിൽ നടത്തിയ വാർത്താസമ്മേളനത്തി വ്യക്തമാക്കി.
സിറിയൻ ജനതയുടെ സ്ഥിരതക്കും മാന്യമായ ജീവിതത്തിനും പിന്തുണ നൽകുന്ന വിധത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് അവസരം നൽകുന്നതിനാണ് ഉപരോധം എത്രയും വേഗം പിൻവലിക്കാൻ ആവശ്യപ്പെടുന്നത്. ഇതിനായി യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രസക്ത രാജ്യങ്ങളുമായും സൗദി അറേബ്യ സജീവമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഉപരോധം നീക്കുന്നതിനെക്കുറിച്ചുള്ള നല്ല സന്ദേശങ്ങൾ ഞങ്ങൾ കേൾക്കുന്നുവെന്നും സൗദി മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട രാജ്യങ്ങളുമായി എങ്ങനെ ആശയവിനിമയം നടത്താം എന്നതിനെക്കുറിച്ച് സിറിയൻ ഭരണകൂടത്തിലെ ഞങ്ങളുടെ സഹപ്രവർത്തകരുമായി ഞങ്ങൾക്ക് ഏകോപനമുണ്ട്. സിറിയയുടെ നിലപാടിനെക്കുറിച്ച് ഞങ്ങൾ യൂറോപ്യൻ യൂനിയന് വ്യക്തമായ വിവരങ്ങൾ നൽകി. ഇൗ ആശയവിനിമയങ്ങളെ ശുഭാപ്തിവിശ്വാസമുണ്ട്. അവ ചില നല്ല നടപടികളിലേക്ക് നയിക്കും. ജോലി അവസാനിക്കുകയോ നിർത്തുകയോ ചെയ്യില്ല. ഉപരോധങ്ങളുടെ അന്തിമ നീക്കം എത്തുന്നതുവരെ ഞങ്ങൾ ശരിയായ ദിശയിൽ മുന്നോട്ടുള്ള പോക്ക് തുടരും.
സിറിയയുടെ പുതിയ ഭരണത്തലവൻ അഹമ്മദ് അൽശറഅ് സ്വീകരിക്കുന്നു
സിറിയയുടെ സുസ്ഥിരതയും പ്രദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്ന തരത്തിൽ സിറിയക്കും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിൽക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്ന സിറിയൻ ഭരണകൂടത്തിന്റെ നിലപാടിന്റെ ചട്ടക്കൂടിലാണ് തന്റെ സിറിയ സന്ദർശനമെന്നും അമീർ ഫൈസൽ പറഞ്ഞു. ഈ സന്ദർശനത്തിൽ സന്തോഷമുണ്ട്. സഹോദരരായ സിറിയൻ ജനതയുടെ സുസ്ഥിരതയുടെയും സമൃദ്ധിയുടെയും സമൃദ്ധമായ ഭാവിയുടെ നേട്ടം ഉറപ്പാക്കിക്കൊണ്ട്, സിറിയയിലെ സഹോദരങ്ങൾ ഈ സെൻസിറ്റീവ് ഘട്ടം വിജയകരമായി മറികടക്കുമെന്ന് സൗദിക്ക് ഉറപ്പുണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഭരണപങ്കാളിത്തം സിറിയൻ ജനതയുടെ വിവിധ വിഭാഗങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനും ഭരണകൂടസ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ നിരാകരിക്കുന്നതിനും പ്രതികാര നടപടികളിൽനിന്ന് വിട്ടുനിൽക്കുന്നതിനും പുതിയ സിറിയൻ ഭരണകൂടം സ്വീകരിച്ച നല്ല നടപടികളെ അഭിനന്ദിക്കുന്നു.
സൗദിയുടെയും അറബ് രാജ്യങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെയും പിന്തുണയോടെ സിറിയ രാഷ്ട്രീയമായും സാമ്പത്തികമായും അതിന്റെ സ്വാഭാവിക നിലയിലേക്ക് മടങ്ങുമെന്നും അങ്ങനെ മുഴുവൻ പ്രദേശത്തിെൻറയും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
സൗദിയുടെ ചരിത്രപരമായ പിന്തുണ ഞങ്ങൾ വിലമതിക്കുന്നു –സിറിയൻ വിദേശകാര്യ മന്ത്രി
റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ പിന്തുണ ഞങ്ങൾ വിലമതിക്കുന്നുവെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഡമസ്കസിൽ സ്വീകരിച്ച് നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിറിയൻ ജനതയെ പിന്തുണക്കുന്നതിൽ സൗദിക്ക് നീണ്ട ചരിത്രമുണ്ട്. ഇന്ന് നമുക്ക് ഈ തുടർച്ചയായ സഹകരണം എന്നത്തേക്കാളും ആവശ്യമാണ്. സിറിയയും സൗദിയും തമ്മിലുള്ള സഹകരണം മുഴുവൻ അറബ് മേഖലയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സിറിയൻ മന്ത്രി പറഞ്ഞു.
റിയാദുമായി ഒരു തുറന്ന ചർച്ച ആസ്വദിക്കുന്നു. സൗദിയുമായി എല്ലാ തലങ്ങളിലും വിപുലമായ ചർച്ചകൾ തന്റെ രാജ്യം നടത്തുന്നു. സൗദിയുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അൽ ശൈബാനി പറഞ്ഞു. തന്റെ രാജ്യത്തിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. പുതിയ രാഷ്ട്രീയ ഭരണകൂടം സിറിയയിൽ നിക്ഷേപത്തിനുള്ള വാതിൽ തുറക്കുന്നതിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി
പുനർനിർമാണം, സാമൂഹിക വികസനം, ആരോഗ്യം, ഊർജമേഖല വികസനം, സഹകരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ സൗദിയുമായുള്ള സഹകരണത്തിന് പ്രാധാന്യമുണ്ട്. മേഖലയിൽ സമാധാനവും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഉത്തേജകമാണ് ഈ സഹകരണമെന്ന് അൽ ശൈബാനി പറഞ്ഞു. മേഖലയിലെ സുസ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുന്ന സംയുക്ത അറബ് പദ്ധതിയുടെ സജീവ ഭാഗമാകാൻ ഡമസ്കസ് ശ്രമിക്കുന്നു. അറബ് രാജ്യങ്ങളുമായുള്ള സഹകരണത്തിന് തന്റെ രാജ്യം പുതിയ പേജ് തുറക്കുകയാണെന്നും സിറിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അറബ് ലീഗിെൻറ ഭാഗമായ സിറിയക്കൊപ്പം സൗദി നിലകൊള്ളുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഡമസ്കസിലെ സൗദി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യം നൽകുന്നതെന്ന് അൽ ശൈബാനി പറഞ്ഞു. അറബ് ലീഗിൽ പങ്കെടുക്കാൻ ആദ്യ സമ്മേളനത്തിനായി കാത്തിരിക്കുന്നു. ഉപരോധം നീക്കാൻ അമേരിക്കയുമായുള്ള ചരിത്രപരമായ ബന്ധം ഉപയോഗിച്ചതിന് സൗദിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അൽ ശൈബാനി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.