സൗദി സ്ഥാപകദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം
text_fieldsയാംബു: ഈ വർഷത്തെ സൗദി സ്ഥാപകദിനം (ഫെബ്രുവരി 22) വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. മൂന്നു നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യം ആഘോഷമാക്കാൻ സൗദിയുടെ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾക്കാണ് ഒരുക്കം നടക്കുന്നത്. 1727ന്റെ തുടക്കത്തിൽ (ഹിജ്റ വർഷം 1139ന്റെ മധ്യത്തിൽ) ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് സ്ഥാപകദിനം ആഘോഷമാക്കുന്നത്.
2022 മുതലാണ് രാജ്യത്ത് പൊതുഅവധി നൽകി ഫെബ്രുവരി 22ന് സ്ഥാപകദിനം കൊണ്ടാടാൻ സൗദി ഭരണകൂടം തീരുമാനിച്ചത്. ഈ വർഷം ശനിയാഴ്ച പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി ലഭിക്കും. രാജ്യത്തോടുള്ള ആദരവും രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും സൗദി ജനതക്ക് പകർന്നുനൽകാനും മഹിതമായ സ്മരണകൾ ഉണർത്താനും ലക്ഷ്യംവെച്ചാണ് അവധിദിനമായി ആഘോഷിക്കുന്നത്. ശനിയാഴ്ച വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്കുപകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്ച അവധി നൽകാമെന്ന വ്യവസ്ഥയും മാനവ വിഭവശേഷി-വികസന മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയുടെ പ്രധാന നഗരങ്ങളെല്ലാം സ്ഥാപകദിനാഘോഷ പരിപാടികൾക്ക് സാക്ഷ്യംവഹിക്കും. വിവിധ കലാപ്രകടനങ്ങളും പാരമ്പര്യ പൈതൃക പരിപാടികളും നടക്കും. സൗദിയുടെ ചരിത്രവും സാംസ്കാരിക മഹിമയും എടുത്തുകാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാംസ്കാരിക മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
സൗദി സ്ഥാപകദിനം സ്കൂളുകളിൽ ആഘോഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിക്കൊണ്ടുള്ള വിപുലമായ മാർഗനിർദേശങ്ങളടങ്ങിയ ഗൈഡ് ഇതിനകം എല്ലാ സൗദി സ്കൂളുകൾക്കും വിദേശ സ്കൂളുകൾക്കും ലഭിച്ചു കഴിഞ്ഞു.
സൗദി അറേബ്യയുടെ നാൾവഴികളെക്കുറിച്ചും അറബ് ചരിത്രത്തെക്കുറിച്ചുമുള്ള അവബോധം നൽകാനും അതുവഴി നല്ല മൂല്യങ്ങൾ പിന്തുടരുന്ന നല്ലൊരു ഭാവി തലമുറ വാർത്തെടുക്കാനും ലക്ഷ്യംവെച്ച് വിവിധ പരിപാടികൾ നടത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം വഴി സാംസ്കാരിക മന്ത്രാലയം നിർദേശം നൽകിയത്.
ആഘോഷങ്ങളുടെ ഭാഗമാകാൻ വൻകിട, ചെറുകിട സ്ഥാപനങ്ങളും അവരുടെ ഉൽപന്നങ്ങൾക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ സംഗീതവിരുന്ന്, ഘോഷയാത്രകൾ, രാജ്യത്തിന്റെ പൗരാണികചരിത്രവും സാംസ്കാരികപാരമ്പര്യവും വർത്തമാനവും വിശകലനം ചെയ്യുന്ന വിവിധ പരിപാടികൾ രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യകളിലും ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.