സൗദി സ്ഥാപക ദിനം: ചെങ്കടലാഴത്തിൽ നൃത്തം ചെയ്ത് ആഘോഷം
text_fieldsജിദ്ദ: സൗദി സ്ഥാപക ദിനത്തിൽ 20ഓളം സ്വദേശി പൗരന്മാർ ചെങ്കടലിൽ മുങ്ങി നൃത്തം ചെയ്തു ആഘോഷത്തിൽ പങ്കാളിയായി. എക്കോ ഓഫ് ദ ഡീപ്, ലറ്റ്സ് ഡൈവ് എന്നീ ടീമുകളിലെ 20 സ്വദേശികളാണ് ജിദ്ദയിലെ ചെങ്കടലിൽ 30 അടി താഴ്ചയിലേക്ക് ഡൈവ് ചെയ്ത് സൗദി പരമ്പരാഗത നൃത്തമാടി വിസ്മയം തീർത്തത്. കടലിനടിയിൽ സ്ഥാപകദിനം ആഘോഷിക്കുന്നത് വേറിട്ട അനുഭവമാണെന്ന് സൗദി ഡൈവിങ് ടീം അംഗമായ കാപ്റ്റൻ ഫൈസൽ ഫിലിംബാൻ 'അൽഅറബിയ നെറ്റ്' ചാനലിനോട് പറഞ്ഞു.
ഡൈവിങ്ങിന്റെ ആനന്ദവും ആഘോഷത്തിന്റെ സന്തോഷവും സൗദി പരമ്പരാഗത നൃത്ത പ്രകടനവും സമന്വയിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സൗദി പരമ്പരാഗത വസ്ത്രമായ തോബ്, ഷിമാഗ്, ദഖ്ല എന്നിവ ധരിച്ചും സൗദി പതാകയും ഊദ് സംഗീതോപകരണവും വഹിച്ചുമാണ് ചെങ്കടലിലെ വെള്ളത്തിൽ 30 അടി ആഴത്തിൽ നൃത്തം ചെയ്തത്. ഡൈവിങ്ങിനുള്ള വസ്ത്രമില്ലാതെ കടലിൽ ആഴത്തിൽ മുങ്ങാൻ ഉന്നത പരിശീലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലെയേഴ്സ് ജനറേഷൻ ടീമിലെ മറൈൻ പരേഡിനും ജിദ്ദ കോർണിഷ് സാക്ഷ്യംവഹിച്ചു. സൗദി മറൈൻ സ്പോർട്സ് ഫെഡറേഷനുമായും ജിദ്ദയിലെ ബോർഡർ ഗാർഡുകളുമായും സഹകരിച്ചാണ് മറൈൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കാപ്റ്റൻ മംദൂഹ് അദാവിയുടെ നേതൃത്വത്തിൽ ജിദ്ദ കോർണിഷിൽനിന്ന് അബ്ഹുറിലേക്ക് ആറ് ഫ്ലൈബോർഡ് വഴി അങ്ങോട്ടും ഇങ്ങോട്ടും പരേഡ് സംഘടിപ്പിച്ചു. പരേഡിൽ പങ്കെടുത്ത, ജിദ്ദയിലെ ഫ്ലൈബോർഡ് കളിക്കാർ രാജ്യത്തിന്റെ പതാകയും രാജാക്കന്മാരുടെയും ചിത്രങ്ങളും വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.