സൗദി സ്ഥാപക ദിനാഘോഷം: യാംബു ടൗൺ ഹെറിറ്റേജ് നഗരിയിൽ പൈതൃക സ്മരണകളുണർത്തുന്ന പരിപാടികൾ
text_fieldsയാംബു: മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഈദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കാൻ രാജ്യത്ത് നടക്കുന്ന സൗദി സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ വർണാഭപരിപാടികൾ നടന്നു.
സൗദിയുടെ പാരമ്പര്യ ചരിത്രസ്മരണകൾ അയവിറക്കാൻ രാജ്യത്തിന്റെ പൈതൃക നഗരികളിലും കേന്ദ്രങ്ങളിലും സന്ദർശകരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃക പാരമ്പര്യങ്ങളുടെ നാൾവഴികൾ തൊട്ടറിയാനും പുതുതലമുറക്ക് ഗതകാല സ്മരണകൾ പകുത്തുനൽകാനും സ്വദേശി കുടുംബങ്ങളുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സാന്നിധ്യമാണ് വിവിധ പാർക്കുകളിലും പൈതൃക നഗരികളിലും പ്രകടമായത്. സൗദി ദേശീയദിനം പോലെ ആഘോഷദിനമാവുകയാണ് സ്ഥാപക ദിനവും.
യാംബു ടൗണിലുള്ള ഹെറിറ്റേജ് പാർക്കിൽ രാജ്യത്തിന്റെ പൈതൃകങ്ങളായ ഒട്ടകങ്ങളുടെയും ഫാൽക്കൺ പക്ഷികളുടെയും പ്രകടന പരിപാടികൾ നവ്യാനുഭവം പകർന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒട്ടകങ്ങളുമായും ഫാൽക്കൺ പക്ഷികളുമായും അടുത്തിടപഴകാൻ അവസരം നൽകി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികൾ ഒട്ടകപ്പുറത്തിരുന്നും ഫാൽക്കൺ പക്ഷികളെ കൈയിൽ പിടിച്ചും ‘സെൽഫി’ യെടുത്തും ആസ്വദിച്ചു.
സൗദി പാരമ്പര്യ വസ്ത്രധാരണ രീതി സ്വീകരിച്ചും പരമ്പരാഗത വസ്തുക്കൾ കൈയിലേന്തിയും സൗദി പതാകയും സ്ഥാപക ദിനാഘോഷപതാകയുമേന്തിയും മുതിർന്നവരുടെയും കുട്ടികളുടെയും ആഘോഷപരിപാടികൾ ഏറെ ആകർഷണീയമായിരുന്നു.
അറേബ്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഈ പുരാതന നഗരം സന്ദർശകർക്ക് പകർന്നു നൽകുന്നത്. അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും പഴമയുടെ രാത്രി ചന്തകളെ അനുസ്മരിപ്പിക്കുന്ന 'സൂഖു ലൈൽ' പവലിയനുകളും ഇവിടെ സന്ദർശകർക്ക് കൗതുകം പകരുന്നതാണ്.
അറേബ്യന്‍ സാംസ്‌കാരിക തനിമയിലേക്ക് വെളിച്ചംവീശി കാലത്തെ അതിജയിച്ച് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്ന പൈതൃക ശേഷിപ്പുകൾ കാണാൻ അവധി ദിനങ്ങളിൽ സന്ദർശകരുടെ ഒഴുക്കാണിവിടെ. ആഗോള ശ്രദ്ധ നേടിയ യാംബു പുഷ്പമേളയുടെ നഗരിയിലും തിരക്കനുഭവപ്പെട്ടു.
നഗരിയിൽ സൗദി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും ആകാശത്ത് വർണാഭമായ ദൃശ്യവിരുന്നൊരുക്കികരിമരുന്ന് പ്രയോഗവും സന്ദർശകർക്ക് മനം നിറക്കുന്ന കാഴ്ചയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.