സൗദി സ്ഥാപക ദിനം: ഫാൽക്കൺ പക്ഷിവിജ്ഞാനം പകർന്ന് പ്രദർശനം
text_fieldsയാംബു: സൗദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി യാംബു ടൗൺ ഹെറിറ്റേജ് പാർക്കിൽ ഒരുക്കിയ ആഘോഷ പരിപാടിയിൽ സന്ദർശകരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
സൗദി പാരമ്പര്യ വസ്ത്രമണിഞ്ഞും പൈതൃക അടയാളങ്ങൾ പ്രദർശിപ്പിച്ചും സ്വദേശി യുവാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യമായിരുന്നു എങ്ങും. ദേശീയ പക്ഷിയായ ഫാൽക്കണെ കുറിച്ചുള്ള വിജ്ഞാനം പകരുന്ന പ്രദർശനമായിരുന്നു കൂട്ടത്തിലെ മുഖ്യപരിപാടി.
പ്രാപ്പിടിയൻ പക്ഷികളെ അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയാണ് പ്രദർശനം ഹെറിറ്റേജ് പാർക്കിൽ ഒരുക്കിയത്. യാംബു ഫാൽക്കണർ ക്ലബാണ് സംഘാടകർ. വ്യത്യസ്ത ഫാൽക്കൺ പക്ഷികളെ അടുത്തറിയാനും അവയോടൊത്ത് സെൽഫിയെടുക്കാനും എല്ലാവർക്കും അവസരം നൽകിയിരുന്നു. കുട്ടികളും മുതിർന്നവരുമൊക്കെ ഫാൽക്കണുകളെ കൈയിൽ ഇരുത്തിയും കൂടെ കൂട്ടിയും ഉല്ലാസപൂർവം ഫോട്ടോകൾ എടുക്കുന്ന കാഴ്ചയായിരുന്നു എങ്ങും.
യാംബു ഫാൽക്കൺ ക്ലബ് കൺവീനറായ മുഹമ്മദ് ഉത്തയത്തുല്ലാഹ് അൽ ജുഹ്നിയുടെ മേൽനോട്ടത്തിൽ ഫാൽക്കൺ വിജ്ഞാനത്തിൽ അവഗാഹമുള്ളവരും പക്ഷിവളർത്തുകാരുമായ 10 സ്വദേശി പരിശീലകരാണ് ഇവിടെ സന്ദർശകർക്ക് അപൂർവ വിജ്ഞാനം പകർന്നുനൽകിയത്.
വിദേശികളായ സന്ദർശകർക്ക് ഇംഗ്ലീഷിലും ഫാൽക്കണെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ പകർന്നു നൽകി. ഗൾഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാൽക്കൺ അറബികളുടെ ജീവിതത്തിൽ ഉയർന്ന സ്ഥാനമുള്ളതും പക്ഷികളിലെ രാജാവായി അറിയപ്പെടുകയും ചെയ്യുന്നു.
പൗരാണിക കാലം മുതലേ അറബികൾ ഇവയെ ഇണക്കിവളർത്താനും സംരക്ഷിക്കാനും ശ്രദ്ധാലുക്കളായിരുന്നു. വേട്ടയാടാനും ഇവയെ ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.