സൗദി സ്ഥാപക ദിനം: വാദി നമാറിൽ ഘോഷയാത്ര
text_fieldsറിയാദ്: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ വാദി നമാറിൽ 'ബിഗിനിങ് പരേഡ്' എന്ന പേരിൽ കലാസാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. കാണികൾക്ക് കൗതുകവും ആവേശവുമായി.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ ഇയാഫ്, ടൂറിസം അതോറിറ്റി ബോർഡ് അംഗം ഫഹദ് ഹുമൈദുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 3,500 കലാകാരന്മാർ ചേർന്ന് ഘോഷയാത്രയിൽ വിവിധ പരിപാടികളും മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള സൗദി ഭരണകൂടത്തിന്റെ ചരിത്രത്തെ ആവിഷ്കരിച്ച പെയിൻറിങ്ങുകളും അവതരിപ്പിച്ചു.
രാജ്യത്തിന്റെ സ്ഥാപകഘട്ടത്തിന്റെ തുടക്കത്തെക്കുറിച്ച് വിവിധ തലക്കെട്ടുകളിലുള്ള കാഴ്ചകളും ഗാനവിരുന്നുകൾ, പെയിൻറിങ് പ്രദർശനങ്ങളും നടന്നു. നിരവധി പേരാണ് പരിപാടി കാണാനെത്തിയത്.
മദീനയിലും ആഘോഷപ്പൊലിമ
മദീന: മദീന നഗരവും നിരവധി പരിപാടികൾക്കും ആഘോഷങ്ങൾക്കും സാക്ഷ്യം വഹിച്ചു. നൂറുകണക്കിന് ആളുകളാണ് ആഘോഷങ്ങളുടെ കേന്ദ്രമായ കിങ് ഫഹദ് പാർക്കിലേക്ക് ഒഴുകിയെത്തിയത്. ദേശീയവസ്ത്രമണിഞ്ഞാണ് ആഘോഷച്ചടങ്ങുകളിൽ പലരും പങ്കെടുത്തത്. മദീനയിലെ തെരുവുകളും പ്രധാന റോഡുകളും ചുവരുകളും മുനിസിപ്പാലിറ്റി സന്നദ്ധപ്രവർത്തകരുടെ പ്രയത്നഫലമായി 1,300 ലധികം പച്ച പതാകകളാലും വൈദ്യുതി വിളക്കുകളാലും കെട്ടിടങ്ങളും പാലങ്ങളും പൊതുഉദ്യാനങ്ങളും വർണാഭമായി അലങ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.