സൗദി സ്ഥാപകദിനം: അൽ യാസ്മിൻ സ്കൂളിൽ പ്രത്യേക അസംബ്ലി
text_fieldsറിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക അസംബ്ലി നടത്തി. ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലെ കുട്ടികൾ സൗദി അറേബ്യയെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പ്രചോദനമായി സൗദി അധ്യാപകൻ ഹസ്സൻ യഹ്യ ജേർദി തൗഹാരി പ്രത്യേക പ്രസംഗം നടത്തി.
കൂടാതെ അറബി പദ്യവും അറബി ഗാനങ്ങളുടെ താളത്തിനൊപ്പമുള്ള നൃത്തവും വിദ്യാർഥികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിന്റെ അന്തരീക്ഷം സൗദിയുടെ പാരമ്പര്യത്തിന്റെ സൗന്ദര്യം മികച്ച രീതിയിൽ ചിത്രീകരിക്കുന്ന തരത്തിലാണ് ഒരുക്കിയിരുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അസംബ്ലിക്കും വിദ്യാർഥികൾ അണിനിരന്നത്. ഒരാഴ്ച നീണ്ട പരിപാടികൾ കഴിഞ്ഞദിവസം സമാപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എസ്.എം. ഷൗക്കത്ത് പർവേസ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജനറൽ മാനേജർ സുൽത്താൻ തൗഹാരി, മുദീറ ഹാദിയ, ബോയ്സ് വിഭാഗം പ്രധാനാധ്യാപകൻ തൻവീർ സിദ്ദീഖി, ഗേൾസ് വിഭാഗം പ്രധാനാധ്യാപിക സംഗീത അനൂപ്, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ എന്നിവരും പങ്കെടുത്തു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ച് പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.