സൗദി സ്ഥാപകദിനാചരണം: ദറഇയ പൗരാണിക നഗരത്തിലും ആഘോഷം
text_fieldsറിയാദ്: സൗദി സ്ഥാപകദിനത്തോടനുബന്ധിച്ച് റിയാദിലെ പൗരാണിക നഗരമായ ദറഇയയിലും ആഘോഷങ്ങൾ അരങ്ങേറി. ദറഇയ ഗേറ്റ് വികസന അതോറിറ്റിക്കു കീഴിലായിരുന്നു വർണാഭമായ പരിപാടികൾ. എല്ലാ വർഷവും ഫെബ്രുവരി 22 സൗദി സ്ഥാപകദിനമാക്കിക്കൊണ്ടുള്ള രാജകീയ ഉത്തരവ് വന്നശേഷമുള്ള ആദ്യത്തെ ആഘോഷമാണ് ദറഇയ വികസന അതോറിറ്റിക്കു കീഴിൽ നടന്നത്. ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടികൾ.
1727ൽ ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച ഒന്നാം സൗദി രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്നു ദറഇയ. സംരക്ഷിത സ്മാരകമായ നഗരത്തിന്റെ ഹൃദയഭാഗത്ത് 'രാജാക്കന്മാരുടെയും വീരന്മാരുടെയും നാട്' ശീർഷകത്തിൽ പെയിൻറിങ് ഒരുക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുതിരപ്പട, ഒട്ടകസംഘങ്ങൾ ഉൾപ്പെടെ അണിനിരന്ന സൈനിക പരേഡും നടന്നു.
രാജ്യത്തിന്റെ പതാകകളും വഹിച്ചുകൊണ്ട് ദറഇയയിൽ അവർ ചുറ്റിനടന്നു. സൗദി അറേബ്യയുടെ ചരിത്രപരവും ദേശഭക്തിപരവുമായ ആഴം പ്രകടിപ്പിക്കുന്നതായിരുന്നു പരേഡിൽ ഒരുക്കിയ ഓർക്കസ്ട്ര ടീമിന്റെ സംഗീതപ്രകടനം. 2010ൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്രപ്രസിദ്ധമായ അൽതുറൈഫ് പരിസരത്തെ സൽവാ പാലസിൽ 'സ്ഥാപകദിനം' എന്ന എംബ്ലം പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.