സൗദി-ഫ്രഞ്ച് ഇൻവെസ്റ്റ്മെന്റ് ഫോറം; വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഫ്രാൻസ് പങ്കാളിത്തം
text_fieldsറിയാദ്: വിമാനങ്ങളുടെ അസംബ്ലിങ്ങൂം അറ്റകുറ്റപ്പണിയും തദ്ദേശീയവത്കരിക്കുന്നതിന് സൗദി അറേബ്യക്ക് ഫ്രാൻസ് സഹകരണം ഉറപ്പാക്കി. എയർ ഫ്രാൻസുമായി സൗദി എയർലൈൻസ് കരാർ ഒപ്പുവെച്ചു. റിയാദിൽ നടന്ന സൗദി-ഫ്രഞ്ച് ഇൻവെസ്റ്റ്മെന്റ് ഫോറത്തിലാണ് ഇതുണ്ടായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും സൗദി എയർലൈൻസ് ജനറൽ കോർപറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും കൂടിയായ ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ, സൗദി ഗ്രൂപ് ഡയറക്ടർ ജനറൽ എൻജി. ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദി എയറോനോട്ടിക്കൽ എൻജിനീയറിങ് കമ്പനി മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ ഫഹദ് സിന്ദിയും എയർ ഫ്രാൻസ് ഏവിയേഷൻ എൻജിനീയറിങ് ആൻഡ് മെയിന്റനൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആനി ബ്രാച്ചറ്റുമാണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ കരാർ സൗദി എയർലൈൻസിന്റെ രാജ്യത്തിനുള്ളിലെ സാങ്കേതിക പരിരക്ഷ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ചുവടുവെപ്പാണ്. വ്യോമയാന മേഖലയിലെ ബന്ധങ്ങളും പരസ്പര വളർച്ചയും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സ്ഥിരീകരിക്കുന്നത് കൂടിയാണ് ഈ കരാർ. ബോയിങ് 777 വിമാനങ്ങളിൽ ഉപയോഗിക്കുന്ന ‘ജി.ഇ90’ എൻജിൻ യൂനിറ്റുകളുടെ അസംബ്ലിങ്ങും പൊളിക്കലും കരാറിൽ ഉൾപ്പെടുന്നു. ജി.ഇ90 എൻജിനുകളുടെ തദ്ദേശീയവത്കരണത്തിന് പകരമായി കുറഞ്ഞത് 50 ശതമാനം വർക്ക് ഓർഡറുകൾ സൗദി എയർലൈൻസ്, എയർ ഫ്രാൻസിന് നൽകുന്നതും കരാറിലുൾപ്പെടും.
വ്യോമയാന മേഖലക്കുള്ള സിവിൽ ഏവിയേഷന്റെ ദേശീയ തന്ത്രവുമായി ഈ കരാർ അതിന്റെ ഉള്ളടക്കത്തിൽ സ്ഥിരത പുലർത്തുന്നുവെന്ന് സൗദി ഗ്രൂപ് ജനറൽ മാനേജർ പറഞ്ഞു. രാജ്യത്തെ വ്യോമയാന മേഖലയുടെ പുരോഗതിക്കും വികസനത്തിനും സൗദിയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നുവെന്നും സൗദി ഗ്രൂപ് മാനേജർ പറഞ്ഞു. സൗദി എയർലൈൻസ് ഒരു ചരിത്ര പങ്കാളിയാണെന്ന് എയർ ഫ്രാൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പറഞ്ഞു.
വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനും ഇരുവിഭാഗങ്ങളുടെയും വൈദഗ്ധ്യം ഏകീകരിക്കുന്നതിനും പ്രത്യേകിച്ച് സാങ്കേതിക പരിപാലന മേഖലയിൽ താൽപര്യമുണ്ട്. എയർ ഫ്രാൻസ് ഏവിയേഷൻ എൻജിനീയറിങ് ആൻഡ് മെയിന്റനൻസ് ഈ രംഗത്തെ മുൻനിര കമ്പനിയാണെന്നും എയർ ഫ്രാൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.