ആദ്യ സൗദി ഗെയിംസ് റിയാദിൽ ഈ മാസം 27 മുതൽ
text_fieldsജിദ്ദ: ആദ്യ സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും. 6,000ത്തിലധികം കായികതാരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാന തുക. ഗെയിംസ് 10 ദിവസം നീണ്ടുനിൽക്കും. രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. കോവിഡിനെ തുടർന്ന് ഗെയിംസ് പിന്നീട് നീട്ടിവെക്കുകയായിരുന്നു. സ്‌പോർട്‌സിലും അത്‌ലറ്റിക്സിലും ഭരണകൂടത്തിനുള്ള വലിയ താൽപര്യത്തിന്റെ പ്രതിഫലനമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു.
ഈ അവസരത്തിൽ ഗെയിംസിനുള്ള പിന്തുണക്ക് സൽമാൻ രാജാവിന് ആത്മാർഥമായ നന്ദി അറിയിക്കുന്നു. വിവിധ കായികമേഖലകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമുള്ള അതിതാൽപര്യമാണ് കിരീടാവകാശിയും പുലർത്തുന്നതെന്നും കായിക മന്ത്രി പറഞ്ഞു.യോഗ്യത റൗണ്ടുകളിലും പെർഫോമൻസ് ട്രയലുകളിലൂമായി 20,000ത്തിലധികം പുരുഷ-വനിത കായികതാരങ്ങൾക്ക് സൗദി ഗെയിംസിന് മുന്നോടിയായി അവസരമൊരുക്കിയിരുന്നു.
6,000ത്തിലധികം അത്‌ലറ്റുകളുടെയും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സൂപ്പർവൈസർമാരുടെയും പങ്കാളിത്തത്തിനാണ് സൗദി ഗെയിംസ് സാക്ഷ്യം വഹിക്കുക. ഇവർ രാജ്യമെമ്പാടുമുള്ള 200ലധികം ക്ലബ്ബുകളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ, ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകക്ക് കീഴിൽ പങ്കെടുക്കുന്ന വിഭാഗങ്ങളുമുണ്ടാകും. മത്സരത്തിലെ വിജയികൾക്ക് ഏറ്റവും ഉയർന്ന സമ്മാനമണ് ഒരുക്കിയിരിക്കുന്നത്. സമ്മാന തുക 20 കോടി റിയാൽ കവിയും. ഏതൊരു ഗെയിമിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാലും വെള്ളിക്ക് മൂന്നു ലക്ഷം റിയാലും വെങ്കലത്തിന് ഒരു ലക്ഷം റിയാലുമാണ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.