സൗദി ഹരിതവത്കരണം; ജുബൈലിൽ കണ്ടൽപാർക്ക് സ്ഥാപിക്കും
text_fieldsജുബൈൽ: പാരിസ്ഥിതിക മുന്നേറ്റത്തിന്റെ ഭാഗമായി ജുബൈലിൽ കണ്ടൽപാർക്ക് സ്ഥാപിക്കുന്നു. അന്തരീക്ഷത്തിലെ കാർബൺ സാന്നിധ്യം കുറക്കാനും ജൈവവൈവിധ്യ സംരക്ഷണത്തിനും സഹായിക്കുന്ന ഈ നീക്കത്തിൽ റോയൽ കമീഷൻ അധികൃതരുമായി സൗദി അറേബ്യൻ മൈനിങ് കമ്പനി ധാരണപത്രം ഒപ്പുവെച്ചു. ജുബൈലിനെ കാർബൺ ന്യൂട്രലാക്കാനുള്ള നടപടിയുടെ ഭാഗമായി 2040-ഓടെ ഒരുകോടി കണ്ടൽമരങ്ങൾ നട്ടുപിടിപ്പിക്കലാണ് പദ്ധതി.
2030ഓടെ സൗദി അറേബ്യയിലുടനീളം 10 കോടി കണ്ടലുകൾ നട്ടുപിടിപ്പിക്കുക എന്ന സൗദി ഗ്രീൻ ഇനീഷ്യേറ്റിവിന്റെ (സൗദി ഹരിതവത്കരണ) പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇത് ഏകദേശം 9.6 കോടി ടൺ കാർബൺ ഉദ്വമനം കുറക്കുകയും രാജ്യത്തിന്റെ തീരദേശ ആവാസവ്യവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിക്കുകയും ചെയ്യും.
അന്തരീക്ഷത്തിലെ കാർബണിനെ കണ്ടൽക്കാടുകൾക്ക് പിടിച്ചെടുക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ആവാസവ്യവസ്ഥ കണ്ടൽക്കാടുകൾ പ്രദാനം ചെയ്യും. തീരപ്രദേശത്തെ ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനും കഴിയും.
ധാരണപത്ര പ്രകാരം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി വ്യവസ്ഥയുടെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ സംരംഭങ്ങളിൽ ഇരുകക്ഷികളും കൈകോർത്ത് പ്രവർത്തിക്കും. ഇതിനുപുറമെ, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനും പരിസ്ഥിതി അവബോധം വർധിപ്പിക്കാനും സഹായിക്കുന്ന പ്രാദേശിക സാമൂഹിക ഹരിതവത്കരണ പരിപാടികൾ നടപ്പാക്കാൻ ഇരുസ്ഥാപനങ്ങളും പദ്ധതി തയാറാക്കും.
മഅദൻ കമ്പനിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കണ്ടൽകാടുകളുടെ സംരക്ഷണത്തിനും വിപുലീകരണത്തിനും സഹായകമാകുമെന്ന് റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു പ്രധിനിധി മഹ്മൂദ് അൽതീബ് പറഞ്ഞു.
തീരപ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കാനും മണ്ണൊലിപ്പ് തടയാനും കണ്ടൽകാടുകൾ അനിവാര്യമാണ്. ഗൾഫ് മേഖലയിലും സൗദി അറേബ്യയിലെ ചെങ്കടൽ പ്രദേശങ്ങളിലും കണ്ടലുകൾ വ്യാപകമായി നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറത്തിൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്ദുൽ ഖാദിർ പറഞ്ഞു. നിലവിലെ കണ്ടൽകാടുകൾ സംരക്ഷിക്കാൻ മാത്രമല്ല, നശിച്ചവ പുനഃസ്ഥാപിക്കാനും ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.