‘സൗദി ഹൈസക്ക്’ ഡിസംബർ 29ന്; പ്രചാരണം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, എം.എസ്.എം റിയാദ് എന്നിവർ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘സൗദി ഹൈസക്ക് 2023’ ഡിസംബർ 29ന് റിയാദിൽ നടക്കും. സൗദി അറേബ്യയിലെ കൗമാര വിദ്യാർഥികൾക്കായി നടക്കുന്ന പ്രത്യേക പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം റിയാദിലെ കിങ് ഖാലിദ് ഫൗണ്ടേഷൻ ഹാളിൽ നടന്ന നാഷനൽ മീറ്റിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.
ഓരോ പ്രായത്തിലും പ്രത്യേകം കുട്ടികൾക്ക് ലഭിക്കേണ്ട അറിവുകൾ നൽകാനും പുതുതലമുറയിൽ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ‘ഹൈസക്ക്’ പോലുള്ള പരിപാടികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 29ന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് പരിപാടി. കേരളത്തിൽനിന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, അൻസാർ നന്മണ്ട, എം.ജി.എം സ്റ്റേറ്റ് സെക്രട്ടറി ആയിഷ ചെറുമുക്ക്, കൗൺസലിങ് വിദഗ്ധൻ റഫീഖ് കൊടിയത്തൂർ തുടങ്ങിയവർ പങ്കെടുക്കും. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ 40ാം വാർഷിക പരിപാടികളുടെ ഭാഗമായാണ് സൗദി ഹൈസക്ക് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 15ന് ആരംഭിക്കുമെന്നും വിശദാംശങ്ങൾക്ക് 0550524242, 0564206383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅവ ആൻഡ് അവയർനസ് മലയാള വിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണ, എം.എസ്.എം ഗ്ലോബൽ കൺവീനർ ഫർഹാൻ കാരകുന്ന് എന്നിവർ അറിയിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ, സെക്രട്ടറി കബീർ സലഫി പറളി, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി, സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ ജലീൽ, ഇബ്രാഹിം സുബ്ഹാൻ, എം.എസ്.എം റിയാദ് ഭാരവാഹികളായ ഫർഹാൻ ഇസ്ലാഹി, അഫ്സൽ യൂസഫ്, സൽമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.