2,260 ഇന്ത്യന്‍ ഹാജിമാര്‍ ഇന്ന് മദീനയില്‍
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആദ്യ സംഘം ഇന്നെത്തും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഹജജ് തീര്‍ഥാടകര്‍ രാവിലെ മുതല്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങും. ഇന്ത്യയില്‍ നിന്ന് 2,260 തീര്‍ഥാടകരാണ് ആദ്യ ദിനം മദീനയില്‍ നിന്ന് എത്തുക. ഗോവയില്‍ നിന്നാണ് ആദ്യ വിമാനം. ഗോവയില്‍ നിന്നുള്ള 420 ഹാജിമാര്‍ രാവിലെ എട്ടരക്ക് മദീന അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും.
ഇന്ത്യന്‍ അംബാഡസര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് എന്നിവര്‍ തീര്‍ഥാടകരെ സ്വീകരിക്കും. മുഖ്താറ ഗ്രൂപ്പിന് കീഴിലെ മുജമ്മഅ് ബില്‍ഡിങിലാണ് ഇവര്‍ക്ക് താമസം ഒരുക്കിയത്. ഇത്തവണ മസ്ജിദുന്നബവിക്ക് സമീപം മര്‍ക്കസിയ്യയിലാണ് മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും താമസം ഒരുക്കിയിട്ടുള്ളത്. എട്ട് ദിവസത്തിന് ശേഷം ഹാജിമാര്‍ മക്കയിലേക്ക് പോകും.
തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സജ്ജമായി. മദീനയില്‍ ഒരുക്കിയ സംവിധാനങ്ങള്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് വിലയിരുത്തി. മദീന ഹജ്ജ് മിഷന്‍ ഓഫീസ്, ഡിസ്പന്‍സറി, വിമാനത്താവളം എന്നിവടങ്ങൾ അദ്ദേഹം സന്ദര്‍ശിച്ചു. സാപ്റ്റികോ ബസ്സ്റ്റേഷന് സമീപത്താണ് ഹജ്ജ് മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ നാല് ബ്രാഞ്ച് ഓഫീസുകളും മദീനയിലുണ്ട്. ഇത്തവണ ഹാജിമാരുടെ എണ്ണം വർധിച്ചതിനാലാണ് ഒരു ബ്രാഞ്ച് അധികമായി ആരംഭിച്ചത്. ഓഫീസിനോട് ചേര്‍ന്നുള്ള പ്രധാന ഡിസ്പന്‍സറിയും മര്‍ക്കസിയയില്‍ മൂന്ന് ചെറിയ ഡിസ്പന്‍സറിയും പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇവിടെ സേവനം ആരംഭിച്ചു.
62,000 തീര്‍ഥാടകരാണ് മദീന വഴി ഹജ്ജിനെത്തുക.
ആഗസ്റ്റ് എട്ടിനാണ് മദീന വഴിയുള്ള അവസാന വിമാനം. ഹജ്ജിന് ശേഷം ജിദ്ദ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുക. ഇന്ന് ആകെ എട്ട് വിമാനനങ്ങളാണ് മദീനയില്‍ എത്തുക. രണ്ടാമത്തെ വിമാനവും ഗോവയില്‍ നിന്നാണ്. രാവിലെ 10.35ന്. 340 ഹാജിമാര്‍ ഇതിലുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് രണ്ട് വിമാനം. മുന്നൂറ് തീര്‍ഥാടരാണ് ഓരോ വിമാനത്തിലും.
ലക്നൗ (300), വാരണാസി (150), മംഗലാപുരം (150), ഗുവാഹത്തി (300) എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ മറ്റുവിമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.