സൗദി ആരോഗ്യ മേഖല ഡിജിറ്റൽവത്കരിക്കും –മന്ത്രി
text_fieldsജിദ്ദ: രാജ്യത്തെ ആരോഗ്യമേഖലയിലെ എല്ലാ സേവനങ്ങളും പൂർണമായും ഡിജിറ്റൽവത്കരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. സേവനങ്ങളുടെ വിപുലീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുന്നതിനും ഡിജിറ്റൽ ഹെൽത്ത് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടന്ന ഇൻറർനാഷനൽ ഡിജിറ്റൽ ഹെൽത്ത് കോൺഫറൻസ് എക്സിബിഷൻ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ സേവനം ലഭിക്കാൻ കേന്ദ്രീകൃത അപോയ്ൻറ്മെൻറ് ബുക്കിങ്ങിനുള്ള മൗഇദ് എന്ന ആപ്ലിക്കേഷൻ ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇൗ ആപ്ലിക്കേഷനിൽ ഒരു കോടി 40 ലക്ഷം ആളുകൾ രജിസ്റ്റർ ചെയ്തു. ആറു കോടി അപ്പോയ്ൻറ്മെൻറുകൾ ഇതിനകം നൽകി. ടെലിഹെൽത്ത് സർവിസ് അഥവാ വെർച്വൽ ഹെൽത്ത് കെയറിനായി ആരോഗ്യമന്ത്രാലയം 'സ്വിഹ' എന്ന ആപ്ലിക്കേഷനും പുറത്തിറക്കി. വിദൂര സംവിധാനത്തിലൂടെ ഉചിതമായ ഡോക്ടറുമായി ആശയവിനിമയം നടത്താൻ പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്പാണിത്. ഇത്തരം ആപ്പുകളിലൂടെ ആരോഗ്യസേവന രംഗത്ത് വലിയ പുരോഗതിയാണുണ്ടായത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതെല്ലാം ലഭ്യമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
'ഡിജിറ്റൽ ഹെൽത്ത് സമ്മേളനം 2020' ഡിജിറ്റൽ ഹെൽത്ത് സർവിസ് രംഗത്ത് വലിയ പരിവർത്തനങ്ങൾക്കുള്ള ആശയങ്ങളും പ്രോത്സാഹനവും നൽകും. ആരോഗ്യസേവനങ്ങൾ വിപുലീകരിക്കുന്നതിലും അവ നവീകരിക്കുന്നതിലും വലിയ പങ്കുവഹിക്കും. ഇലക്ട്രോണിക് സംവിധാനത്തിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷനും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
മൈ പ്രിസ്ക്രിപ്ഷൻ (വസ്ഫതീ) എന്ന സംവിധാനത്തിലൂടെ ആളുകൾക്ക് മരുന്നു വാങ്ങാനാവും. ആവശ്യമായ മരുന്ന് സംബന്ധിച്ച ഒരു സന്ദേശം അപേക്ഷകന് ലഭിക്കും. അതുപയോഗിച്ച് ഏതു ഫാർമസിയിൽനിന്നും മരുന്ന് വാങ്ങാൻ കഴിയും. ആരോഗ്യ സേവന രംഗത്തെ ആളുകളുടെ സംതൃപ്തി വർധിപ്പിക്കാനും വിദൂര സംവിധാനത്തിൽ മരുന്നുകൾ ലഭ്യമാക്കാനും ഇതു കാരണമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏകീകൃത ആരോഗ്യ ഫയൽ, സംയോജിത ആരോഗ്യസംവിധാനം ഉൾക്കൊള്ളുന്ന (നഫീസ്) ഉൾപ്പെടെയുള്ള പദ്ധതികളുമുണ്ട്. ഏകീകൃത ആരോഗ്യ ഫയലും അതിെൻറ ഫലങ്ങളും ഉടൻ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർത്തിയാക്കാൻ നിരവധി വർഷങ്ങളെടുക്കുന്ന വലിയ പദ്ധതിയാണിത്. പകർച്ചവ്യാധി സമയത്ത് വെർച്വൽ ക്ലിനിക്കുകൾ എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. അവ ഉടൻ വിപുലീകരിക്കും. ആപ്ലിക്കേഷനുകൾ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് ആരോഗ്യ സേവനത്തിന് ഒരു പോർട്ടലും ഒരു സർവിസ് ആപ്ലിക്കേഷനും ഒരുക്കാനാണ് ആലോചിക്കുന്നത്. ഇത് നടപ്പാക്കുന്നതോടെ എല്ലാ ആപ്ലിക്കേഷനിലേക്കും പ്രവേശനം സാധ്യമാകും. 2021െൻറ തുടക്കത്തിൽ ഇത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ഡിജിറ്റൽ ആരോഗ്യം വലിയ മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.