സൗദി ഹെറിറ്റേജ് കമീഷൻ 202 പുതിയ പുരാവസ്തു സൈറ്റുകൾ രജിസ്റ്റർ ചെയ്തു
text_fieldsയാംബു: സൗദിയിൽ 202 പുരാവസ്തു ചരിത്ര കേന്ദ്രങ്ങൾകൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ റിയാദ് മേഖലയിൽനിന്ന് 102 കേന്ദ്രങ്ങളും ഹയിൽ മേഖലയിൽനിന്ന് 80 കേന്ദ്രങ്ങളും അസീർ മേഖലയിൽനിന്ന് 80 കേന്ദ്രങ്ങളുമാണുള്ളതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആന്റ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച് ) അതോറിറ്റി അറിയിച്ചു. 'നാഷനൽ ആന്റിക്വിറ്റീസ് രജിസ്റ്ററി'ൽ രാജ്യത്തെ രജിസ്റ്റർ ചെയ്ത ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം ഇതോടെ 9,119 ആയിട്ടുണ്ടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് സമ്പന്നമായ ചരിത്ര പ്രദേശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ദേശീയ പൈതൃക രജിസ്റ്ററിൽ ഇടം പിടിക്കുമ്പോൾ സഹസ്രാബ്ദങ്ങളിലെ വൈവിധ്യമാർന്ന അറേബ്യൻ നാഗരികതകളുടെ നാൾവഴികൾ പകർത്താനുള്ള അവസരമാണ് സന്ദർശകർക്ക് അതുവഴി ലഭിക്കുന്നത്. എസ്.സി.ടി.എച്ച് അതോറിറ്റി രാജ്യത്തുടനീളമുള്ള പൈതൃക സൈറ്റുകൾ നിരീക്ഷിക്കുകയും ചരിത്ര പഠനത്തിന് വിധേയമാക്കുകയും ചെയ്തുവരുന്നു.
പുതുതായി രേഖപ്പെടുത്തിയ ഇടങ്ങളിൽ പൗരാണിക കിണറുകൾ, ചരിത്രശേഷിപ്പുകൾ, പുരാതന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ എന്നിവയുൾപ്പെടെ വിവിധതരം പൗരാണിക ശിലാ ഘടനകൾ കൊണ്ട് സമ്പന്നമാണെന്ന് അതോറിറ്റി കഴിഞ്ഞദിവസം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ രജിസ്റ്റർ ചെയ്ത ചില പുരാവസ്തു സൈറ്റുകളിൽനിന്ന് പഴയകാലത്തെ ആയുധങ്ങൾ, മഴു, വേട്ടയാടൽ പഴമക്കാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയ ശിലാ ഉപകരണങ്ങളുടെ ഒരു ശേഖരം തന്നെ കണ്ടെത്താനായി. ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെയും അതിനു മുമ്പുള്ളതുമായ ഖബറിടങ്ങളും , ശ്മശാനങ്ങളും ചില സൈറ്റുകളിൽ രേഖപ്പെടുത്താൻ കഴിഞ്ഞു കൂടാതെ, മാൻ, ചെന്നായ്ക്കൾ, കടുവകൾ എന്നിവയുൾപ്പെടെ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ ചിത്രീകരിക്കുന്ന 'തമുദിക്' 'കൂഫിക്' ലിഖിതങ്ങളും ശിലാകലകളും നിരവധി സൈറ്റുകളിൽ കണ്ടെത്തിയതായും അതോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി.
സൗദിയിലെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു സൈറ്റുകളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. പുരാവസ്തു ഗവേഷണത്തിനും ചരിത്ര പഠനത്തിനും ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കി സമഗ്രമായ ആസൂത്രണ പദ്ധതികളാണ് എസ്.സി.ടി.എച്ച് അതോറിറ്റി രൂപം നൽകിയിട്ടുള്ളത്. സൗദിയിലെ വിവിധ മേഖലയിൽ പ്രാദേശികവും അന്തർ ദേശീയ വുമായ നിരവധി സന്നദ്ധ സംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സൗദിയുടെ ചരിത്രത്തിന്റെ നാൾവഴികൾ പകുത്തു നൽകുന്നതും വ്യത്യസ്ത വാസ്തുശിൽപ ചാരുതയിൽ ശ്രദ്ധേയമായ കെട്ടിടങ്ങളും ചരിത്രാതീത കാലഘട്ടത്തിലുള്ള ശേഷിപ്പുകളും ശിലാ ലിഖിതങ്ങളും അടക്കമുള്ളതാണ് രജിസ്റ്റർ ചെയ്ത സ്മാരകങ്ങളിലുൾപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പുരാവസ്തു, ചരിത്ര സ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും രേഖപ്പെടുത്താനും സംരക്ഷിക്കാനും ഹെറിറ്റേജ് കമീഷൻ രാജ്യത്തെ പൗരന്മാരോടും സന്ദർശകരോടും സഹകരണം അഭ്യർഥിച്ചു. ശ്രദ്ധയിൽപെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു സൈറ്റുകൾ 'ബലാഗ്' എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ദേശീയ പൈതൃക കേന്ദ്ര ങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാ രുടെ അവബോധത്തെയും അത് സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ഉള്ള അവരുടെ പങ്കിനെയും താല്പര്യത്തേയും അതോറിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.