റിയാദിൽ ഉത്സവച്ഛായ പകർന്ന് 'സൗദി ഹൊറീക' രാജ്യാന്തര മേള
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനമുണ്ടായ 18 മാസത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി റിയാദിൽ 'സൗദി ഹൊറീക' രാജ്യാന്തര മേള. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് ആൻഡ് എക്സിബിഷൻ ഹാളിൽ ഞായറാഴ്ച ആരംഭിച്ച ഭക്ഷണ, പാനീയ, ആതിഥേയ രംഗത്തെ ലോകോത്തര ബ്രാൻഡുകളുടെ പ്രദർശന-വിപണന മേള വലിയ തോതിലാണ് ജനങ്ങളെ ആകർഷിക്കുന്നത്.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത 2020 മാർച്ചിനുശേഷം രാജ്യത്ത് സംഘടിപ്പിക്കുന്ന ആദ്യ വലിയ പരിപാടിയും വ്യാപാര മേളയുമാണിത്. വ്യാപാര രംഗത്തും സമൂഹത്തിലെ മറ്റു തുറകളിലുംനിന്ന് ധാരാളം ആളുകൾ ദിവസവും സന്ദർശകരായെത്തുന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറുകണക്കിന് ആളുകൾ ഉദ്ഘാടന ദിവസമായ ഞായറാഴ്ചയും പിറ്റേ ദിവസവും സെൻററിലെത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഭക്ഷണ, പാനീയ നിർമാണ കമ്പനികളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഇവിടെ സജ്ജീകരിച്ച സ്റ്റാളുകളിൽ നടക്കുന്നു. കൂടാതെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ആഗോള ബ്രാൻഡുകളുടേതടക്കമുള്ള പ്രദർശന സ്റ്റാളുകളും അണിനിരന്നിട്ടുണ്ട്.
ഈ രംഗങ്ങളിലെ വിദഗ്ധർ, വിതരണക്കാർ, നിക്ഷേപകർ, ഹോട്ടലുകൾ, കഫേകൾ, ഫ്രാഞ്ചൈസികൾ തുടങ്ങിയവയെല്ലാം അവരുടെ പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ഭക്ഷ്യസംസ്കരണ പാക്കേജിങ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളും വിവിധതരം മെഷിനറികളും പ്രദർശന ഹാളിൽ ഇടം പിടിച്ചിട്ടുണ്ട്. മണിക്കൂറുകൾ ഇടവിട്ട് രാജ്യത്തെ പ്രമുഖ പാചകവിദഗ്ധരുടെ മേൽനോട്ടത്തിൽ പാചകമത്സരങ്ങളും ഭക്ഷണ നിർമാണ-സെർവിങ് മേഖലയിലെ കലാപ്രകടനങ്ങളും മേളയിൽ വിസ്മയം തീർക്കുന്നുണ്ട്.
പുതുതലമുറക്കാർക്ക് സ്റ്റാർട്ടപ് ബിസിനസുകൾക്ക് ആവശ്യമായ എല്ലാതരം മെഷീനുകളും ഉൽപന്നങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കാൻ പവിലിയനുകളുണ്ട്. വിദേശത്തുനിന്ന് പുതിയ രുചിക്കൂട്ടുകളും കംപ്ലീറ്റ് ബിസിനസ് സൊല്യൂഷൻ കമ്പനികളും മേളയിലുണ്ട്. യൂനിഫോമുകൾ, ഹൈജീൻ ഉൽപന്നങ്ങൾ, അത്യാധുനിക പാക്കിങ് സംവിധാനങ്ങൾ, ഫുഡ് പരിശോധന ലബോറട്ടറികൾ തുടങ്ങിയ കമ്പനികൾ അവരുടെ സേവനങ്ങളും ഉൽപന്നങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രദർശന ഹാളിലേക്ക് 18 വയസ്സിനു താഴെയുള്ളവരെ പ്രദർശന ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. മൂന്നു ദിവസം നീളുന്ന മേള ചൊവ്വാഴ്ച രാത്രി 10ഒാടെ പ്രദർശനം അവസാനിക്കും. saudihoreca.com എന്ന വെബ്സൈറ്റ് വഴി പ്രീ-ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാകാവുന്നതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഇ-മെയിൽ വഴി ലഭ്യമാകുന്ന ബാർകോഡ് പ്രദർശന കവാടത്തിൽ കാണിച്ചാൽ ടാഗ് വെരിഫിക്കേഷനുശേഷം അകത്തേക്ക് പ്രവേശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.