അന്താരാഷ്ട്ര അത്ലറ്റുകളുടെ ദ്വിദിന വെർച്വൽ ഫോറത്തിന് സൗദി ആതിഥ്യമരുളുന്നു
text_fieldsജിദ്ദ: അന്താരാഷ്ട്ര അത്ലറ്റുകളുടെ പ്രഥമ ദ്വിദിന വെർച്വൽ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പ്രസിഡൻറായ സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ (എസ്.എ.ഒ.സി) കീഴിൽ പ്രവർത്തിക്കുന്ന സൗദി അത്ലറ്റ് കമീഷനാണ് ഫോറത്തിന് ചുക്കാൻ പിടിക്കുക.
ഇൗമാസം 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അത്ലറ്റ്സ് കമീഷൻ ചെയർപേഴ്സൻ, സിംബാബ്വെ കായികമന്ത്രി കിർസ്റ്റി കോവെൻട്രി എന്നിവരടക്കം പ്രമുഖരായ നിരവധി അന്തർദേശീയ, പ്രാദേശിക കായികവ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സൗദി അത്ലറ്റ്സ് കമീഷൻ ചെയർമാനും അൽഹിലാൽ സ്പോർട്സ് ക്ലബ് വോളിബാൾ ടീം താരവുമായ ഇബ്രാഹിം അൽമൊയ്കൽ പറഞ്ഞു.
ഗൾഫ്മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ഫോറം സംഘടിപ്പിക്കുന്നതെന്നും കായികതാരങ്ങളുടെ ആശങ്കകൾ അകറ്റുകയും അവർക്ക് പ്രോത്സാഹനം നൽകുകയുമാണ് ഫോറം ലക്ഷ്യമിടുന്നതെന്നും കായിക താരങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഫോറത്തിൽ നടക്കുമെന്നും അൽമൊയ്കെൽ പറഞ്ഞു. വെർച്വൽ ഫോറം സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സിൽ കായികതാരങ്ങളുടെ പ്രാധാന്യം, ഒളിമ്പിക് യാത്ര, ആരോഗ്യത്തിെൻറയും ക്ഷേമത്തിെൻറയും പ്രാധാന്യം, കായികരംഗത്തുള്ള സ്ത്രീകളുടെ ശാക്തീകരണം എന്നിങ്ങനെ ആദ്യ ദിവസം നാലു സെഷനുകളായിരിക്കും ഉണ്ടാവുക. രണ്ടാംദിവസം സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവിയുടെ പ്രാരംഭ സന്ദേശത്തോടെ ആരംഭിക്കും. അഞ്ചു സെഷനുകളായിരിക്കും രണ്ടാംദിവസം ഉണ്ടാവുക.
കായികരംഗത്തുനിന്ന് വിരമിച്ചാലുള്ള ജീവിതത്തെക്കുറിച്ചും സ്പോർട്സ് മനഃശാസ്ത്രത്തെയും മാനസികാരോഗ്യത്തെ സംബന്ധിച്ചുമുള്ള വ്യത്യസ്ത സെഷനുകൾ രണ്ടാംനാൾ നടക്കും. ഫോറത്തിെൻറ തത്സമയ സംപ്രേഷണം സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.