ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന് സൗദി ഭവന മന്ത്രാലയം
text_fieldsറിയാദ്: റോഡിന് അഭിമുഖമായി വരുന്ന കെട്ടിടങ്ങളുടെ ബാൽക്കണികളില്‍ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുകൂടാതെ കെട്ടിടത്തിന്റെ ഭിത്തികളിൽ ടി.വി ആന്റിനകളും പരസ്യ സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിച്ചും സൗന്ദര്യം നശിപ്പിക്കരുതെന്നും മന്ത്രാലയം രാജ്യത്തെ മുഴുവൻ കെട്ടിടയുടമകളോടും ആവശ്യപ്പെട്ടു. ഇങ്ങനെ വൃത്തികേടാക്കിയവർ അടുത്ത വർഷം ഫെബ്രുവരി 18നുള്ളിൽ ഇതെല്ലാം നീക്കി കെട്ടിടങ്ങള്‍ സൗന്ദര്യവത്കരിക്കണമെന്നും കെട്ടിട നിയമപാലന സർട്ടിഫിക്കറ്റ് നേടണമെന്നും മന്ത്രാലയം നിർദേശിച്ചു.
സൗദി നഗരങ്ങളുടെ കാഴ്ചഭംഗി വർധിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനും ആരോഗ്യകരമായ നഗരാന്തരീക്ഷം രൂപപ്പെടുത്താനുമാണ് പുതിയ വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിന്റെ ‘ബലദീ’ വെബ്സൈറ്റ് വഴിയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. നിർമാണം പൂർത്തിയായാല്‍ പുതിയ കെട്ടിടങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും പഴയ കെട്ടിടങ്ങൾക്ക് 19 നിയമലംഘനങ്ങള്‍ ഒഴിവായാല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഭിന്നശേഷിക്കാരുടെ സുഗമമായി സഞ്ചരിക്കാനുള്ള വഴി കെട്ടിടത്തിന് ഇല്ലാതിരിക്കുക, റോഡ് സൈഡിലുള്ള കെട്ടിടത്തിെൻറ മുൻഭാഗത്ത് ഇലക്ട്രിക് കേബിളുകള്‍, എ.സി യൂനിറ്റുകള്‍, പരസ്യങ്ങളുടെ പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍ എന്നിവ ഉണ്ടായിരിക്കല്‍, റോഡിന് അഭിമുഖമായി നിൽക്കുന്ന ബാൽക്കണികളില്‍ ഹാംഗറുകള്‍, ആൻറിനകള്‍ എന്നിവ സ്ഥാപിക്കല്‍, കെട്ടിടത്തിെൻറ ബേസ്മെൻറില്‍ അനധികൃതമായി വാഹന പാർക്കിങ് സൗകര്യമൊരുക്കല്‍, ബാൽക്കണികളിൽ തുണി ഉണക്കാനിടൽ, പുറത്തേക്ക് കാണാനാവാതെ ബാൽക്കണി പൊതിഞ്ഞുവെക്കല്‍, മതിലുകൾക്ക് മുകളില്‍ വികലമായ മറകള്‍ സ്ഥാപിക്കല്‍, ഡ്രൈനേജ് സംവിധാനം അലക്ഷ്യമായി തുറന്നിടൽ, നിലം പൊട്ടിപ്പൊളിഞ്ഞിരിക്കല്, പെയിൻറുകള്‍ അടർന്നുപോവുകയോ ഇരുമ്പു ഷീറ്റുകള്‍ തുരുമ്പ് പിടിക്കുകയോ ചെയ്യല്‍, മതിലുകള്‍ അപൂർണമായതോ പൊളിഞ്ഞതോ ആകൽ, കെട്ടിടത്തിെൻറ മുൻവശത്ത് അടുക്കളയുടെ ചിമ്മിനി സ്ഥാപിക്കല്‍ അടക്കമുള്ള നിയമലംഘനങ്ങളാണ് ഉടന്‍ ഒഴിവാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.