മഅ്ദനിയോട് എന്തിനീ ക്രൂരത?
text_fieldsഅബ്ദുന്നാസിർ മഅ്ദനി എന്ന ഒരു ഇന്ത്യൻ പൗരനോട് ഇന്ത്യൻ ഭരണകൂടവും ജുഡീഷ്യറിയും കാണിക്കുന്ന മനുഷ്യത്വ രഹിത നിലപാട് നിഷേധാത്മകവും അങ്ങേയറ്റം ദൗർഭാഗ്യകരവും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്കുതന്നെ അപമാനവുമാണ്.
വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കുശേഷം നേടിയ ജാമ്യത്തിൽ കഴിയുമ്പോഴും മതിയായ ചികിത്സക്കുപോലും വിധേയനാവാൻ കഴിയാത്തവിധം നിയമത്തിെൻറയും ഭരണകൂട വ്യവസ്ഥതിയുടെയും കരാളഹസ്തങ്ങൾക്കുള്ളിൽ എരിഞ്ഞുതീരുന്ന മഅ്ദനിയെയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് നാലു മാസംകൊണ്ട് വിചാരണ നടത്തി വിധി പറയണം എന്ന പരമോന്നത സുപ്രീംകോടതി താക്കീത് നൽകിയത് കർണാടക സർക്കാർ അംഗീകരിച്ചിട്ട് പോലും വർഷങ്ങൾ കഴിഞ്ഞുപോയി എന്നത് നാം വിസ്മരിച്ചു കൂടാ...
ഇപ്പോഴുള്ള വിചാരണ തടവുകാലം മുമ്പ് കോയമ്പത്തൂർ ബോംബ് സ്ഫോടന ആരോപണ കേസിൽ അനുഭവിച്ച കാലാവധിയെക്കാളും പിന്നിട്ടുകഴിഞ്ഞു. വളരെ ഗുരുതരവും ആശങ്കാപരവുമായ നിരവധി രോഗങ്ങളുടെ പിടിയിലകപ്പെട്ട മഅ്ദനി ഇന്ന് ജീവൻ നിലനിർത്താനുള്ള അവസാന പോരാട്ടത്തിലാെണന്നത് കണ്ടില്ലെന്ന് നടിക്കുന്നു.
സമകാലിക ഫാഷിസ്റ്റ് ഭരണകൂട ഭീകരത എനിക്കും നിങ്ങൾക്കും മുകളിൽ ഭീതിയുടെ കരിനിഴൽ പടർത്തി നിൽക്കുമ്പോൾ, അതെ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഇരയായ മഅ്ദനിയോട് ഐക്യപ്പെടാനും ശബ്ദം ഉയർത്താനും ഇനിയും മടിക്കുന്ന സമുദായ, മതേതര, സാമൂഹിക പാർട്ടികളും സംഘടനകളും ഒരർഥത്തിൽ ഈ ഭരണകൂട ഭീകരതക്ക് കുഴലൂതുകയാണോ?
അതോ ഫാഷിസ്റ്റ് ഭരണകൂട അടിമകളായി നാം അധഃപതിച്ചു പോയോ? അല്ലെങ്കിൽ ഭരണകൂട ഭീകരതക്കു മുന്നിൽ പകച്ചു പേടിച്ചരണ്ടു പോയതാണോ?10 വർഷം മുമ്പ് അബ്ദുന്നാസിർ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലം കൊടുമ്പിരികൊള്ളുമ്പോൾ, ഖുർആൻ നെഞ്ചോട് ചേർത്ത് ഒരു ഇസ്ലാമിക പണ്ഡിതൻ, നോമ്പുകാരനായി, ‘താൻ ഈ കേസിൽ മനസ്സാ വാചാ കർമണ ഉൾപ്പെട്ടിട്ടില്ല’ എന്ന് കേരളീയ സമൂഹത്തോട് വിളിച്ചു പറഞ്ഞപ്പോൾ അത് വിശ്വാസത്തിൽ എടുക്കുന്നതിനുപകരം നിയമം നിയമത്തിെൻറ വഴിയിൽ തള്ളിവിട്ട സ്വന്തം സമുദായ നേതാക്കൾ അന്ന് മതേതര സർട്ടിഫിക്കറ്റിനുവേണ്ടി മത്സരിക്കുകയായിരുന്നെന്ന് ഓർക്കുക.
ഇന്നു വർഷങ്ങൾക്കുശേഷം ആ സമുദായ നേതാക്കൾക്ക് നിയമം അതിെൻറ വഴിയിൽ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പായിട്ടും അതേ നാവുകൊണ്ട് ആർജവത്തോടെ വിളിച്ചുപറയാൻ ഇനിയും എന്താണ് തടസ്സം? മഅ്ദനി ഉയർത്തിയ ഫാഷിസ്റ്റ് വിരുദ്ധ, ദലിത് പിന്നാക്ക ഐക്യ അവർണ രാഷ്ട്രീയമാണെങ്കിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയം ആവശ്യപ്പെടുന്നത് അതിലപ്പുറം വേറെ എന്താണ്?
ഫാഷിസ്റ്റ് ഭരണകൂട മോചനത്തിനും ചെറുത്തുനിൽപിനും ഇന്ന് ഉയർത്താനുള്ള രാഷ്ട്രീയ ബദൽ വേറെ എന്തുണ്ട്? അതിലപ്പുറം അല്ലെങ്കിലും ജീവനുവേണ്ടി കൈനീട്ടുന്ന ഒരു മനുഷ്യനെ രാഷ്ട്രീയ വൈരാഗ്യം പറഞ്ഞു തട്ടി മാറ്റാൻ എവിടെയാണ് മതം അനുവദിക്കുന്നത്? ശേഷിക്കുന്ന ജീവനുവേണ്ടി അപേക്ഷിക്കുന്ന ഒരു മനുഷ്യനെ ബാക്കിയുള്ള ജീവെൻറ തുടിപ്പുകൂടി വലിച്ചടുത്തു ആറടി മണ്ണിലേക്ക് തള്ളിയിട്ടാൽ ഫാഷിസ്റ്റ് ചേരിക്ക് ഒപ്പം ഈ സമുദായനേതാക്കൾക്ക് ആശ്വസിക്കാൻ വകയുണ്ടാവുമോ? അതോ നിങ്ങളുടെ വിലാപവും കണ്ണീരും സഹതാപവും നാളേക്കു വേണ്ടി മാറ്റിവെച്ചിരിക്കുകയാണോ? നിങ്ങളുടെ മനസ്സാക്ഷിയുടെ നീതിയും കരുണയും ഒരു മരണാനന്തര ബഹുമതിയായി നൽകാൻ കാത്തിരിക്കുകയാണോ?
ജനാധിപത്യ സംവിധാനവും സമുദായ രാഷ്ട്രീയ നേതൃത്വങ്ങളും സമൂഹ മനസ്സാക്ഷിയും ഈ ജീവനുവേണ്ടി ഉണർന്നേ മതിയാവൂ... ഇല്ലെങ്കിൽ ചരിത്രം ആവർത്തിക്കപ്പെടും... ഇനിയും മഅ്ദനിമാർ ജയിലിൽ ഹോമിക്കപ്പെടും... നീതിന്യായ വ്യവസ്‌ഥ പോലും നോക്കുകുത്തികളായി മാറിയ ഈ കെട്ട കാലത്ത് മഅ്ദനിയുടെ കാര്യത്തിൽ എല്ലാം മറന്നു, ഒന്നിച്ച് ഒന്നായേ മതിയാവൂ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.