‘ഓൺലൈൻ ജോലി’കളിലെ ചതിക്കുഴികൾ
text_fieldsശാസ്ത്രജ്ഞരെ പോലും തോൽപിക്കുന്ന ബുദ്ധിവൈഭവത്തോടെയാണ് സാമ്പത്തിക തട്ടിപ്പുകൾ പ്രവാസ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിൽ തന്നെ ഓൺലൈൻ ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന നിഷ്കളങ്ക പരസ്യത്തിലൂടെ പണം നഷ്ടപ്പെട്ട ധാരാളം ആളുകളെ ദിനേന കാണുന്നു. കൂടുതലും വീട്ടമ്മമാരാണ് ഇത്തരം തട്ടിപ്പിനിരയാകുന്നത്. പല കാരണങ്ങളാൽ പ്രവാസലോകത്ത് പുറത്തുജോലിക്ക് പോകാനുള്ള പരിമിതിയായിരിക്കാം അതിന് കാരണം. ഇത്തരം തട്ടിപ്പുകൾ രണ്ടു രീതികളിലാണ് അരങ്ങേറുന്നത്.
ആദ്യത്തെ തട്ടിപ്പു രീതി, ‘പാർട്ട് ടൈം ജോലിയിലൂടെ ആയിരത്തോളം റിയാൽ ദിനേന സമ്പാദിക്കൂ, ജോലി പരിചയം വേണ്ട, ജോലി സമയം സ്വയം തിരഞ്ഞെടുക്കാം’ തുടങ്ങിയ പരസ്യങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. ആകർഷകമായ കമ്പനി പരസ്യം കാണുന്നതോടെ നൂറുകണക്കിനാളുകളാണ് ആകൃഷ്ടരാകുന്നത്. കമ്പനിയോട് കൂടുതൽ അന്വേഷിക്കുമ്പോൾ ബന്ധപ്പെട്ട ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടും. ഗ്രൂപ്പിൽ ചേരുന്നതോടെ തങ്ങളുടേത് ഒരു നിക്ഷേപ കമ്പനിയാണെന്നും ധാരാളം ആളുകൾ പണം കമ്പനിയിൽ നിക്ഷേപിക്കുന്നെണ്ടെന്നും പരിചയപ്പെടുത്തും.
പിന്നെയാണ് പണമുണ്ടാക്കുന്ന രീതി അവതരിപ്പിക്കുക. ആളുകൾ നിക്ഷേപിക്കാൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമയക്കും. ആ തുക ക്രിപ്റ്റോ കറൻസിയാക്കി മാറ്റി കമ്പനി പറയുന്ന വാലറ്റിലേക്ക് മാറ്റിയാൽ ഒരു ശതമാനം അപ്പോൾ തന്നെ അക്കൗണ്ടിലേക്കെത്തും. പണം ലഭിക്കുന്നതോടെ കൂടുതൽ താൽപര്യത്തോടെ അക്കൗണ്ടിലേക്ക് വരുന്ന തുക വാലറ്റിലേക്ക് മാറ്റാനുള്ള തിരക്കിലായിരിക്കും ആളുകൾ. പക്ഷേ ചുരുങ്ങിയ ദിവസത്തിനകം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെടും. വൈകാതെ ആ വലിയ കുരുക്കിലുംപെടും. നിങ്ങൾ തട്ടിപ്പ് സംഘത്തിൽ അംഗമായതിനാൽ യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്നുള്ള സന്ദേശം പൊലീസിൽനിന്ന് ലഭിക്കും.
രണ്ടാമത്തെ തട്ടിപ്പു രീതി, ‘നിങ്ങൾക്ക് എല്ലാ ദിവസവും ടാസ്ക്കുകൾ ലഭിക്കും, ഈ ടാസ്കുകൾ പൂർത്തിയാക്കിയാൽ, നിങ്ങളുടെ ഫോണിൽ കുറച്ച് മിനിറ്റ് ചെലവഴിച്ച് നിങ്ങൾക്ക് എല്ലാ ദിവസവും നൂറു കണക്കിന് റിയാൽ സമ്പാദിക്കാം’ എന്ന രീതിയിലുള്ള പരസ്യത്തിലൂടെയാണ് ആരംഭിക്കുന്നത്. ഇതിൽ ചേരുന്ന ആളുകൾക്ക് ആദ്യമാദ്യം തങ്ങളുടെ പ്രവർത്തനത്തിന് ആനുപാതികമായി അക്കൗണ്ടിൽ പണമെത്തും. കൂടുതൽ പ്രവർത്തനക്ഷമമാകുന്നതോടെ പെട്ടെന്ന് ടാസ്കുകൾ ലഭിക്കാതാവുന്നു. കമ്പനിയോട് ബന്ധപ്പെട്ടാൽ സൗജന്യ വിഡിയോ ടാസ്കുകൾ അവസാനിച്ചെന്നും പ്രീപെയ്ഡ് ടാസ്കുകൾ ലഭ്യമാണെന്നും വിവരം ലഭിക്കും. പല വില നിലവാരത്തിലുള്ള ടാസ്കുകൾ ലഭ്യമാണ്. ടാസ്കുകളുടെ റേറ്റിനനുസരിച്ചാണ് വരുമാനവും. ഇതൊരു ലഹരിയായി മാറുന്ന ആളുകൾ കൈയിലുള്ള പണം മൊത്തം ഉപയോഗപ്പെടുത്തിയും കടം വാങ്ങിയും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയിൽ വൻ വിലയുള്ള ടാസ്കുകൾ വാങ്ങും. വൻ വിലയുള്ള ടാസ്കുകൾ പൂർത്തിയാകുന്നതോടെ പെട്ടെന്ന് പണം അയക്കുന്നത് കമ്പനി നിർത്തും. ഇതോടെ പൊലീസിന്റെ സഹായം തേടാൻ നിർബന്ധിതരാകും.
പൊലീസ് അന്വേഷണം ആരംഭിക്കുന്നതോടെ, രണ്ടാമത്തെ രീതിയിൽ തട്ടിപ്പിനിരയായവരുടെ പണം ആദ്യത്തെ തട്ടിപ്പുരീതിയിൽ പെട്ട ആളുകളുടെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്ന് മനസ്സിലാക്കും. അതോടെയാണ് അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതും പൊലീസ് യാത്രാനിരോധനം ഏർപ്പെടുത്തുന്നതും. പ്രവാസ ലോകത്തുള്ളവരാണ് ഇത്തരം തട്ടിപ്പുകൾക്കിരയാവുന്നവരിൽ ഭൂരിഭാഗവും. മേൽ വിവരിച്ച തട്ടിപ്പുശൈലികൾ പലതിൽ ഒന്നു മാത്രം. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം നടത്തിയാൽ ഒരു പരിധി വരെ ഇതിനെ നേരിടാൻ കഴിയും. പ്രവാസ ലോകത്തെ സംഘടനകൾക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.