ദൂരീകരിക്കപ്പെടാത്ത ഇ.വി.എം ദുരൂഹത
text_fieldsഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഹാക്ക് ചെയ്യൽ സാധ്യമാണെന്ന എക്സ് (ട്വിറ്റർ) ഉടമ ഇലോൺ മസ്കിന്റെ പ്രസ്താവനയോടെ ഇ.വി.എം ഇന്ത്യയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയം വീണ്ടും ബലപ്പെടുകയാണ്. ഇലക്ഷൻ കമ്മീഷൻ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പു കഴിയുന്നത് വരെയും ഓരോ ഘട്ടത്തിലെയും പോളിങ് ശതമാനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തുവിട്ടിരുന്നില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോളിങ് 62.37 ശതമാനം എന്നായിരുന്നു.
അത് പിന്നീട് (മെയ് 21ന് ശേഷം) കമീഷന്റെ ഔദ്യോഗിക കണക്കായി പുറത്തുവന്നപ്പോൾ 66.1 ശതമാനം ആയി. മെയ് എട്ടിന് മൂന്നാംഘട്ടത്തിലെ പോളിങ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം 63.53 ശതമാനമായിരുന്നു. കമ്മീഷൻ പിന്നീട് നൽകിയ വിവരപ്രകാരം അത് 65.68 ശതമാനമായി ഉയർന്നു. ഇത് പോലെ മനസ്സിലാക്കേണ്ട കാര്യമാണ് 10,33,794 പേര് വോട്ട് ചെയ്ത ഫാറൂഖബാദിൽ 2,678 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു എന്നത്. രണ്ട് ശതമാനത്തിലധികം വോട്ടുകളുടെ വ്യത്യാസം ഇത്തരം പോളിങ് ശതമാനത്തിന്റെ കണക്കിൽ ഉണ്ടാകുമ്പോൾ വിജയ പരാജയങ്ങളെ ഇത് സ്വാധീനിക്കില്ലേ?
ആറ്റിങ്ങൽ, ജയിപ്പൂർ റൂറൽ, ചണ്ഡിഗഡ്, ഹമീർപുർ, ജാജ്പൂർ, ബൻസ്ഗാവോൻപോലുള്ള പത്തോളം മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിയുടെ ഭൂരിപക്ഷം ഏറ്റവും കൂടിയത് 3,150ഉം ഏറ്റവും കുറവ് 48ഉം ആണ്. ഇവയിൽ സംവരണ മണ്ഡലങ്ങളായ ജാജ്പൂർ, ബൻസ്ഗാവോൻ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ബി.ജെ.പിയും മുംബൈ നോർത്ത് വെസ്റ്റിൽ ഷിൻഡെ വിഭാഗം ശിവസേനയുമാണ് വിജയിച്ചത്. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ 9,51,580 വോട്ടുകളാണ് പോൾ ചെയ്തത്. പക്ഷെ അവിടെ 9,51,582 ഇ.വി.എം വോട്ടുകൾ എണ്ണി. ശിവസേന സ്ഥാനാർഥി രവീന്ദ്ര വയക്കർ അവിടെ വിജയിച്ചത് 48 വോട്ടുകൾക്കാണ്. ജയ്പൂർ റൂറൽ മണ്ഡലത്തിൽ 12,38,818 വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. പക്ഷെ അവിടെ 12,37,966 ഇ.വി.എം വോട്ടുകളാണ് എണ്ണിയത്. 852 വോട്ടുകൾ എണ്ണിയില്ല. ബി.ജെ.പിയുടെ രാവു രാജേന്ദ്ര സിങ് അവിടെ വിജയിച്ചത് 1,615 വോട്ടുകൾക്കാണ്.
ഫാറൂഖാബാദിൽ പോൾ ചെയ്യപ്പെട്ട 460 വോട്ടുകൾ ഇ.വി.എമ്മിൽ എണ്ണിയില്ല. നിർമിത ബുദ്ധി ഉപയോഗിച്ച് ഇ.വി.എമ്മിൽ തിരിമറി സാധ്യമോ എന്ന സംശയം ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ബി.ജെ.പിയിലെ മുകേഷ് രാജ്പുത് ഫാറൂഖാബാദിൽ വിജയിച്ചത് 2,678 വോട്ടുകൾക്കാണ്. അഞ്ച് വർഷം മുമ്പ് 17ാം ലോകസഭ തെരഞ്ഞെടുപ്പിനെസംബന്ധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രറ്റിക് റിഫോം നൽകിയ കേസ് ഈയിടെയാണ് കോടതി പരിഗണിച്ചത്. ഇപ്പോൾ വീണ്ടും ഉയരുന്ന പരാതി തിരുവല്ലൂർ ഉൾപ്പെടുന്ന 362 മണ്ഡലങ്ങളിലായി പോൾ ചെയ്ത 5,54,958 വോട്ടുകൾ ഇത്തവണ എണ്ണിയില്ല എന്നാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർക്കുള്ള വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ചേർത്ത് വായിക്കേണ്ട ഒരു കാര്യം ഇവിടുത്തെ കോർപറേറ്റ് മാധ്യമങ്ങൾ ജൂൺ ഒന്നിന് പുറത്തുവിട്ട ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോൾ പ്രവചനങ്ങൾ ഓഹരി മാർക്കറ്റിൽ പണമിറക്കിയ വിദേശ നിക്ഷേപകരെ സഹായിക്കാനായിരുന്നു എന്ന വസ്തുതയാണ്.
നമ്മുടെ ജനാധിപത്യ സംവിധാനമാകട്ടെ ആർക്കും എങ്ങനെയും സ്വാധീനിക്കാം എന്നായിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിൽ രാജസ്ഥാനിലും യു.പിയിലും പശ്ചിമ ബംഗാളിലും ഹരിയാനയിലും എല്ലാം ബി.ജെ.പി വലിയ തിരിച്ചടി നേരിട്ടപ്പോൾ എന്തുകൊണ്ടാണ് മധ്യപ്രദേശിലും ഗുജറാത്തിലും ചത്തീസ്ഗഢിലും ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും ഇത്തരത്തിൽ തിരിച്ചടിയില്ലാതെ പോയത്? ഇതും ഇ.വി.എം അട്ടിമറിയിലേക്ക് സൂചന നൽകുന്നു. യു.പി. ചീഫ് ഇലക്ടറൽ ഓഫിസർ ഇതേകുറിച്ച് പറയുന്ന കാര്യങ്ങളും തൃപ്തികരമായ വിശദീകരണം ആകുന്നില്ല.
950 വോട്ടുകൾ എണ്ണാതെ പോയ 1,884 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥി വിജയിച്ച ചത്തീസ്ഗഢിലെ കാൻകറിലും തിരിമറി നടന്നതായി സംശയിക്കപ്പെടുന്നു. ജനാധിപത്യ സമൂഹത്തിലെ പൗരന്മാരെന്ന നിലക്ക് നമ്മുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടതുണ്ട്. ഈ സംഭവങ്ങളും വസ്തുതകളും ഉയർത്തുന്ന ഏതാനും ചോദ്യങ്ങൾ ഇവയാണ്. ഒരു പൊതു പ്രസ്താവന നടത്തുന്നതിന് പകരം എന്തുകൊണ്ടാണ് ഇലക്ഷൻ കമീഷൻ ഓരോ മണ്ഡലത്തിലും കൂടിയതോ കുറഞ്ഞതോ ആയ വോട്ടുകളുടെ കാര്യത്തിൽ വിശദീകരണം തരാത്തത്?
കമ്പ്യൂട്ടറുടെ കൺട്രോൾ യൂനിറ്റിലും ഫോം 17 സിയിലും കാണുന്നതെല്ലാം ശരിയായതിനാൽ യു.പിയിലെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ തെറ്റുപറ്റിയതായി സമ്മതിക്കുകയാണോ? പോൾ ചെയ്ത വോട്ടുകളിലും എണ്ണിയ വോട്ടുകളിലും വ്യത്യാസം കാണാൻ കാരണം മോക്പോൾ ഡാറ്റ നീക്കം ചെയ്യാത്തത് കൊണ്ടാണെന്ന നിഗമനത്തിൽ ഇലക്ഷൻ കമീഷൻ എങ്ങനെ എത്തിച്ചേർന്നു? ഈ തെരഞ്ഞെടുപ്പിൽ എത്ര ഇ.വി.എമ്മുകൾ ഉപയോഗിക്കാതിരുന്നു, എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നീ വിവരങ്ങൾ എന്തുകൊണ്ട് പൊതുജനങ്ങളുമായി പങ്ക് വെക്കുന്നില്ല?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.