സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ 2 കേരളത്തില്‍ നടത്തണം -ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍
text_fieldsജിദ്ദ: സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ വണ്‍, ഇന്ത്യന്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്‍റ് ലാബ് പോലുള്ള പരിപാടികള്‍ ഏറ്റവും വിജയകരമായി സംഘടിപ്പിച്ച ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിനെ (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം പ്രശംസിച്ചു. ഇന്ത്യന്‍ വംശജരായ സൗദി കുടുംബങ്ങളെ പങ്കെടുപ്പിച്ച് സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ 2 പ്രകൃതിരമണീയമായ കേരളത്തില്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വറുതിയുടെ നാളുകളില്‍, പുണ്യഭൂമിയിലേക്കും അറേബ്യയുടെ ഇതര ഭാഗങ്ങളിലേക്കും കുടിയേറ്റം നടത്തി, സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സൗദിയുടെ സമസ്ത മേഖലകളിലും വിജയഗാഥ രചിച്ച ഇന്ത്യന്‍ വംശജരായ അറബ് പ്രമുഖരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ഇന്ത്യയിലെ യുവതലമുറയെ പ്രചോദിതരാക്കാനും സഹസ്രാബ്ദങ്ങളായുള്ള ഇന്ത്യാ-അറബ് ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'അഞ്ച് സഹസ്രാബ്ദങ്ങളിലെ ഉറ്റ സൗഹൃദപ്പെരുമ' എന്ന ശീര്‍ഷകത്തില്‍ ഇരുനൂറോളം സൗദി-ഇന്ത്യന്‍ കലാകാരന്മാരെ അണിനിരത്തി 2024 ജനുവരി 19ന് ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും ജി.ജി.ഐയും സംയുക്തമായി സംഘടിപ്പിച്ച സംഗമത്തിൽ 5000ത്തിലധികം പേര്‍ സംബന്ധിച്ചിരുന്നു. ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് സ്ഥലംമാറിപ്പോകുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ജി.ജി.ഐ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു.
നൈപുണ്യം കൈവരിക്കുന്നതിലും ഉപരിപഠനവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞതും ശ്രമകരവുമായ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വന്‍വിജയമാക്കുന്ന ജി.ജി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഗുണനിലവാരമുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് മികച്ച ഉദാഹരണമായിരുന്നു പ്രഥമ സൗദി ഇന്ത്യാ ഫെസ്റ്റിവല്‍. ഗുണനിലവാരത്തില്‍ അണുവിട വെള്ളം ചേര്‍ക്കാതെയും ആരവങ്ങളില്‍ അഭിരമിക്കാതെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത കീര്‍ത്തിയും പ്രതിച്ഛായയും കാത്തുസൂക്ഷിക്കുന്നതിലും ബദ്ധശ്രദ്ധരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍സല്‍ ജനറലിനുള്ള ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട്, വൈസ് പ്രസിഡന്റുമാരായ ജലീല്‍ കണ്ണമംഗലം, കെ.ടി അബൂബക്കര്‍, സാദിഖലി തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.