എംബസി രജിസ്ട്രേഷൻ തുടങ്ങി: പ്രതിസന്ധിയിൽ പെട്ടവർക്ക് ഫൈനൽ എക്സിറ്റ്
text_fieldsയാംബു: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബിലായവർക്കും മറ്റു പ്രതിസന്ധിയിൽ അകപ്പെട്ടവർക്കും ഫൈനൽ എക്സിറ്റിൽ നാടണയാൻ അവസരം നൽകാൻ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചതിൽ പ്രതീക്ഷയർപ്പിച്ച് യാംബുവിലെ പ്രവാസികൾ. വ്യവസായ നഗരത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരും ഭീമമായ തുക നൽകാൻ സാധിക്കാതെ ഇഖാമ പുതുക്കാൻ കഴിയാത്തവരുമായി ധാരാളം പേർ ഉണ്ട്. അതുപോലെ വിവിധ പിഴകളിൽ പെട്ട് പ്രതി സന്ധിയിലായവരും ഏറെയാണ്. ഇവർക്കെല്ലാം നാടണയാൻ എംബസി നൽകുന്ന അവസരം ഏറെ ഗുണം ചെയ്യുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇന്ത്യക്കാരായ പ്രവാസികൾ വരവേൽക്കുന്നത്. ഹുറൂബ്, മത്ലൂബ്, ഇഖാമ കാലാവധി കഴിഞ്ഞവർ, വിവിധ പിഴകളിൽ പെട്ട് പ്രതിസന്ധിയിൽ അകപ്പെട്ടവർ എന്നിവർക്കാണ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകുന്നതിന് അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ സ്വീകരിച്ച് തുടങ്ങിയത്. നൂറു കണക്കിനാളുകൾ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ തയാറായി വരുന്നുണ്ട്.
പാസ്പോർട്ടിെൻറയും ഇഖാമയുടെയും നിലവിലുള്ള അവസ്ഥ രേഖപ്പെടുത്താനുള്ള പ്രത്യേക കോളങ്ങൾ പൂരിപ്പിച്ച് ഇഖാമയുടെയും പാസ്പോർട്ടിെൻറയും കോപ്പികൾ കൂടെ അറ്റാച്ച് ചെയ്ത് https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴി എംബസിക്ക് സമർപ്പിക്കാം. എംബസി അപേക്ഷ ബന്ധപ്പെട്ട സൗദി അധികാരികൾക്ക് കൈമാറും. ആവശ്യമെങ്കിൽ തുടർനടപടികൾക്കായി നിങ്ങളെ ബന്ധപ്പെടും എന്ന് അപേക്ഷാ ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാല പ്രതിസന്ധിയിൽ നാടണയാൻ എംബസി ഒരുക്കിയ ഈ സംവിധാനം ഏറെ സന്തോഷം നൽകുന്നതാണെന്ന് അപേക്ഷ സമർപ്പിച്ച തിരുവന്തപുരം സ്വദേശി അനിൽ കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മറ്റൊരു കമ്പനിയിലേക്ക് ഇഖാമ മാറ്റാൻ 14,500 റിയാൽ നൽകിയിട്ട് ഇതുവരെ ഇഖാമ മാറ്റാൻ സാധിക്കാതെ ജോലിയും നഷ്ടപ്പെട്ട് മാനസികമായും സാമ്പത്തികമായും തളർന്ന അവസ്ഥയിലാണ് അനിൽ കുമാർ നാട്ടിലേക്കു മടങ്ങാനുള്ള വഴി തേടുന്നത്. കോഴിക്കോട് സ്വദേശി ആഷിഖ് ഒന്നര വർഷമായി ഇഖാമ കാലാവധി കഴിഞ്ഞ വ്യക്തിയാണ്. ജോലി ചെയ്ത കമ്പനി പൂട്ടിയ കാരണത്താൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. വാഹനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ 5000 റിയാൽ പിഴ അടക്കേണ്ടി വന്നപ്പോൾ പ്രയാസപ്പെട്ട് നേരത്തെ അതടച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രതീക്ഷയറ്റ് ഇരിക്കുമ്പോഴാണ് പുതിയ വഴി തെളിഞ്ഞത്. ആഷിഖിനെ പോലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അനേകം പേർക്ക് എംബസി ഒരുക്കുന്ന രജിസ്ട്രേഷൻ സംവിധാനം ഏറെ ഉപകരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.