സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ; സമ്മേളന ഫലങ്ങളെ പ്രശംസിച്ച് സൗദി മന്ത്രിസഭ
text_fieldsറിയാദ്: ന്യൂഡൽഹിയിൽ നടന്ന സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ മന്ത്രിതല സമിതിയുടെ രണ്ടാമത് യോഗത്തിന്റെ ഫലങ്ങളെ പ്രശംസിച്ച് സൗദി മന്ത്രിസഭ. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ പ്രത്യേകിച്ച് സാമ്പത്തിക വികസനം, അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗമെന്നും ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
നിലവിൽ നടക്കുന്ന റിയാദ് ഇക്കണോമിക് ഫോറത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഫോറം ശിപാർശകൾ ദേശീയ സമ്പദ്വ്യവസ്ഥയെ സേവിക്കുന്നതിനും സൗദി സാക്ഷ്യം വഹിക്കുന്ന സമഗ്ര വികസനത്തിന് സ്വകാര്യമേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിമാർ അഭിപ്രായപ്പെട്ടു. ദേശീയ ലക്ഷ്യങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി സാധ്യതകൾക്കും അനുസൃതമായി റിയാദിൽ നടന്ന ‘സിറ്റിസ്കേപ് ഇന്റർനാഷനൽ 2024’ പ്രദർശനം നേടിയ വിജയങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.
പ്രദർശനത്തിനിടെ ഇടപാടുകളുടെ മൂല്യം 230 ശതകോടി റിയാലും പ്രാദേശികവും അന്തർദേശീയവുമായ ഡവലപ്പർമാരുടെ വിൽപന 20 ശതകോടി റിയാലും കവിഞ്ഞതായി യോഗം വിലയിരുത്തി. പ്രദർശനത്തിൽ 1,72,000 സന്ദർശകരാണ് പങ്കെടുത്തത്. ഇത് പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കുമുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സൗദിയുടെ ശ്രമങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും മന്ത്രിസഭ സൂചിപ്പിച്ചു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ പ്രത്യേകിച്ച് ഫലസ്തീനിലെ സംഭവവികാസങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. സിവിലിയന്മാരെയും ദുരിതാശ്വാസ, മാനുഷിക ഏജൻസികളെയും ലക്ഷ്യം വെക്കുന്നത് തുടരുന്ന ഇസ്രായേൽ സേനയുടെ നിലപാടിനെ നിരാകരിക്കുന്നതായി മന്ത്രിസഭ പുതുക്കി.
ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ ലംഘനങ്ങൾക്കെതിരെ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതായും പറഞ്ഞു. വെസ്റ്റ് ബാങ്കിൽ അധിനിവേശ പരമാധികാരം അടിച്ചേൽപ്പിക്കുന്നതും ജനവാസ കേന്ദ്രങ്ങൾ നിർമിക്കുന്നതും വികസിപ്പിക്കുന്നതും സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാകുന്ന ഇസ്രായേൽ തീവ്രവാദ പ്രസ്താവനകളുടെ അപകടം മന്ത്രിസഭ ആവർത്തിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മന്ത്രിസഭ പറഞ്ഞു. ഇരുഹറമുകളുടെയും കാര്യങ്ങൾ പരിപാലിക്കുന്നതിനുള്ള ജനറൽ അതോറിറ്റിയുടെയും മതകാര്യ പ്രസിഡൻസിയുടെയും സംഘടന ക്രമീകരണങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.