കർണാടക കോൺഗ്രസ് നേതാക്കൾക്ക് സൗദി ഐ.ഒ.സി സ്വീകരണം നൽകി
text_fieldsജിദ്ദയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക വക്താവ് നിഖേത് രാജ് മൗര്യ സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സൗദി നാഷനൽ കമ്മിറ്റി കർണാടക സർക്കാർ ചീഫ് വിപ്പും കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡൻറുമായ സലീം അഹമ്മദ്, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഔദ്യോഗിക വക്താവ് നിഖേത് രാജ് മൗര്യ എന്നിവർക്ക് സ്വീകരണവും ഹജ്ജ് വളന്റിയർമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മക്ക ആരോഗ്യമന്ത്രാലയ ഡയറക്ടർ ഡോ. സാമി അൽ ഇല്യാനി പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ.ഒ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ജാവേദ് മിയാൻ ദാദ് അധ്യക്ഷത വഹിച്ചു. ജനാധിപത്യ ഇന്ത്യയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസക്തി വർധിച്ചുവരുകയാണെന്നും അതിന്റെ മികച്ച ഉദാഹരണമാണ് കർണാടകയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയമെന്നും സ്വീകരണയോഗത്തിൽ സംസാരിച്ച ചീഫ് വിപ്പ് സലീം അഹമ്മദ് അഭിപ്രായപ്പെട്ടു.
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീർത്തും നിരർഥകമായ കോൺഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്നം ഒരിക്കലും ഇന്ത്യാരാജ്യത്ത് നടക്കില്ല.
കർണാടകയിൽ കോൺഗ്രസ് നേടിയ ചരിത്രവിജയം ഇത് സാക്ഷ്യപ്പെടുത്തുന്നതായും സലീം അഹമ്മദ് പറഞ്ഞു.കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് നിഖേത് രാജ് മൗര്യ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. വൈജാത്യങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചുനിലനിർത്തിയത് ഇന്ത്യയുടെ ഭരണഘടനയും ആ ഭരണഘടന ഇന്ത്യക്ക് സമ്മാനിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസും അതിന് തുടക്കംകുറിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അംഗത്വ കാമ്പയിൻ കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളന്റിയർമാർക്കുള്ള ഉപഹാരം അതിഥികൾ വിതരണം ചെയ്തു.മികച്ച സംഘടനാപ്രവർത്തനങ്ങൾക്ക് ഐ.ഒ.സി നൽകിയ ഉപഹാരം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ഹക്കീം പാറക്കൽ ഏറ്റുവാങ്ങി.
മികച്ച ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി മക്ക കമ്മിറ്റിക്ക് വേണ്ടി ഷാനിയാസ് കുന്നിക്കോട് ഉപഹാരം ഏറ്റുവാങ്ങി. സിക്കന്ദർ, അംജദ്, റഫീഖ് അഹമ്മദ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നദീറ മുജീബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ ഡാൻസും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഇബ്രാഹിം കന്നകർ, അലോക് പ്രഭു, സർഫ്രാസ്, അസർ, ജാസിം, ഇഖ്ബാൽ ഗബ്ഗാൽ തുടങ്ങിയ ഇന്ത്യൻ ഓവർസീസ് പ്രവർത്തകർക്കൊപ്പം ഒ.ഐ.സി.സി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, മക്ക കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.