Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഇറാൻ ബന്ധം;...

സൗദി-ഇറാൻ ബന്ധം; എംബസികൾ ഉടൻ തുറക്കും, വിമാന സർവിസുകൾ പുനരാരംഭിക്കും

text_fields
bookmark_border
സൗദി-ഇറാൻ ബന്ധം; എംബസികൾ ഉടൻ തുറക്കും, വിമാന സർവിസുകൾ പുനരാരംഭിക്കും
cancel
camera_alt

ബെയ്ജിങ്ങിൽ വ്യാഴാഴ്ച നടന്ന സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം

ജിദ്ദ: നീണ്ട ഏഴുവർഷത്തിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും നീക്കം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച ബെയ്ജിങ്ങിൽ ചൈനീസ് ആതിഥേയത്വത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ യോഗം ചേർന്ന് എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനും വിമാന സർവിസുകളും ഉന്നതതല പ്രതിനിധികളുടെ സന്ദർശനങ്ങളും പുനരാരംഭിക്കുന്നതിനും വിസ അനുവദിക്കുന്നതിനും അന്തിമ ധാരണയായി.

ഇത് സംബന്ധമായ സംയുക്ത പ്രസ്താവനയിൽ ഇരുപക്ഷവും ഒപ്പുവെച്ചു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും മെയ് മാസത്തോടെ രണ്ട് എംബസികളും വീണ്ടും തുറക്കാനും ധാരണയായി. ഒരു മാസത്തിന് ശേഷമാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലബാനുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ പരസ്പര വിശ്വാസം വർധിപ്പിക്കുകയും സഹകരണത്തിന്‍റെ വ്യാപ്തി വിപുലീകരിക്കുകയും മേഖലയിൽ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന തരത്തിൽ ബെയ്ജിങ് ഉടമ്പടിയുടെ തുടർനടപടികളുടെയും നടപ്പാക്കലിന്‍റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

2001 ഏപ്രിൽ 17ന് ഒപ്പുവച്ച ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സുരക്ഷാ സഹകരണ ഉടമ്പടി, 1998 മെയ് 27ന് ഒപ്പുവെച്ച സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം, യുവത്വം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പൊതു ഉടമ്പടി എന്നിവ വീണ്ടും സജീവമാക്കാനുള്ള താൽപര്യം ഇരുപക്ഷവും പ്രകടിപ്പിക്കുകയും അതിനുള്ള വഴികൾ തേടുകയുമാണുണ്ടായത്. തുടർന്നാണ് നിശ്ചിത കാലയളവിനുള്ളിൽ തങ്ങളുടെ നയതന്ത്ര ദൗത്യങ്ങൾ പുനരാരംഭിക്കുന്നതിന് ഇരുപക്ഷവും ധാരണയിലെത്തുന്നതും.

റിയാദിലും തെഹ്‌റാനിലും ഇരുരാജ്യങ്ങളുടെയും എംബസികളും ജിദ്ദയിലും മഷാദിലുമുള്ള ജനറൽ കോൺസുലേറ്റുകളും തുറക്കുന്നതിനും മുന്നോട്ട് പോകാനും തീരുമാനിച്ചു. വിമാന സർവിസുകൾ പുനരാരംഭിക്കുന്നതുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഇരുവശത്തുമുള്ള സാങ്കേതിക ടീമുകൾ തമ്മിലുള്ള ഏകോപനം തുടരുക, ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെയും സ്വകാര്യ മേഖലയുടെയും പരസ്പര സന്ദർശനങ്ങൾക്ക് അവസരമൊരുക്കുക, ഉംറ വിസ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് സൗകര്യമൊരുക്കുക തുടങ്ങിയവക്കും ഇരുരാജ്യങ്ങളും ധാരണയായി.

ഇരു രാജ്യങ്ങൾക്കുമുള്ള പ്രകൃതിവിഭവങ്ങൾ, സാമ്പത്തിക സാധ്യതകൾ കണക്കിലെടുത്തും പരസ്പര പ്രയോജനം നേടുന്നതിന് മികച്ച അവസരങ്ങൾ ഉണ്ടാക്കുന്നതിനും ആലോചന യോഗങ്ങളും സഹകരണ സാധ്യതകളും ശക്തമാക്കാനുള്ള ആഗ്രഹം ഇരുപക്ഷവും പ്രകടിപ്പിച്ചു. സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അഭിമുഖീകരിക്കുന്ന ഏത് തടസ്സങ്ങളെയും മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സേവിക്കുന്ന എല്ലാ കാര്യങ്ങളിലും സഹകരണം വർധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

കൂടിക്കാഴ്ചക്ക് ആതിഥേയത്വം വഹിച്ചതിന് ഇരുപക്ഷവും ചൈനക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. സൗദിയുടെയും ഇറാന്‍റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്വിസ് സർക്കാർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനെ സൗദി സന്ദർശിക്കാനും തലസ്ഥാനമായ റിയാദിൽ ഉഭയകക്ഷി യോഗം ചേരാനും സൗദി വിദേശകാര്യ മന്ത്രി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം സൗദി മന്ത്രിയെ ഇറാൻ സന്ദർശിക്കാനും തലസ്ഥാനമായ തെഹ്‌റാനിൽ ഉഭയകക്ഷി യോഗം ചേരാനും ക്ഷണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi-Iran relations
News Summary - Saudi-Iran relations; Embassies will open soon and flights will resume
Next Story