സൗദി-ഇറാൻ നയതന്ത്ര ബന്ധം; കൂടിക്കാഴ്ചക്ക് സ്ഥലം നിർദേശിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി സമീപഭാവിയിൽ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അതിനായി മൂന്നു സ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പറഞ്ഞു.
സൗദി അറേബ്യയുമായി നയതന്ത്ര തലത്തിൽ ആശയവിനിമയം പുരോഗമിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യ തലസ്ഥാനങ്ങളിലും വീണ്ടും എംബസി തുറക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അബ്ദുല്ലാഹിയൻ പറഞ്ഞതായി ഇറാനിയൻ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നയതന്ത്ര കാര്യാലയങ്ങൾ തുറക്കുന്നതിനുള്ള തയാറെടുപ്പിനായി ഔദ്യോഗിക പ്രതിനിധികളുടെ സന്ദർശന ഷെഡ്യൂൾ പരസ്പരം അംഗീകരിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. വർഷങ്ങൾ നീണ്ട അകൽച്ചക്കുശേഷം ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് ബന്ധം പുനഃസ്ഥാപിക്കാനും രണ്ടു മാസത്തിനുള്ളിൽ എംബസികൾ വീണ്ടും തുറക്കാനും ഈ 10ന് ഇറാനും സൗദി അറേബ്യയും ധാരണയിലെത്തിയത്.
അതിനുശേഷം പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രിയെ വൈകാതെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. യമനിലെ സ്ഥിതിഗതികൾ ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ഇറാൻ മന്ത്രി പറഞ്ഞു.
എന്നാൽ, സൗദി അറേബ്യയുമായി സഹകരിച്ച് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്ഥിരത കൈവരിക്കാനും തങ്ങൾ പ്രവർത്തിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയൽ രാജ്യങ്ങളിൽനിന്ന് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയായ കാര്യങ്ങളെ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും അബ്ദുല്ലാഹിയൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.