പുതിയ തലങ്ങളിലേക്ക് സൗദി-ജപ്പാൻ സഹകരണം
text_fieldsറിയാദ്: ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സൗദി സന്ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയും ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം കൂടുതൽ വിപുലമാകുന്നതിനിടയാക്കും. സന്ദർശനവും കൂടിക്കാഴ്ചയും ഉഭയകക്ഷി ബന്ധത്തിലെ പുതിയ ഘട്ടത്തിന്റെയും സഹകരണത്തിന്റെ രണ്ടാം അധ്യായത്തിന്റെയും ആരംഭമാണെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
2016ൽ ആരംഭിച്ച ‘സൗദി-ജാപ്പനീസ് വിഷൻ 2030’ന്റെ പുരോഗതിയെക്കുറിച്ച ചോദ്യത്തിന്, ഈ വർഷത്തോടെ വിഷൻ ലക്ഷ്യങ്ങളുടെ പകുതി പൂർത്തീകരിക്കപ്പെടുമെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു. ഊർജം, വ്യാപാരം, സമ്പദ് വ്യവസ്ഥ, വാണിജ്യം, ദേശീയസുരക്ഷ, നയതന്ത്രം, സംസ്കാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണം ഉൾക്കൊള്ളുന്നതാണ് ‘സൗദി-ജാപ്പനീസ് വിഷൻ 2030’.
കിരീടാവകാശിയുമായുള്ള കിഷിതയുടെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വിപുലീകരിക്കുമെന്നും ജാപ്പനീസ് അധികൃതർ ചൂണ്ടിക്കാട്ടി.
നിലവിൽ ജപ്പാൻ വിവിധ മേഖലകളിൽ സൗദി അറേബ്യയുടെ മൂന്നാം വ്യാപാര പങ്കാളിയാണ്. ജപ്പാന്റെ എണ്ണയാവശ്യത്തിന്റെ 40 ശതമാനവും നിറവേറ്റപ്പെടുന്നത് സൗദിയിൽനിന്നുള്ള ഇറക്കുമതിയിലൂടെയാണ്. ശുദ്ധമായ ഊർജം, ഹരിത ഹൈഡ്രജൻ, അമോണിയ തുടങ്ങിയവ ഉൾപ്പെടുന്ന ഊർജമേഖലയിലെ സഹകരണം വിപുലീകരിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷ്യമിടുന്നതായി ജപ്പാൻ വിദേശകാര്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘ഗ്ലോബൽ ഗ്രീൻ ജേർണി’ എന്ന പേരിൽ ശുദ്ധ ഊർജ മേഖലയിൽ സൗദിയുമായി പുതിയൊരു സഹകരണ കരാർ ഒപ്പിടുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം പ്രസ് സെക്രട്ടറി ഒനോ ഹിക്കാരിക്കോ സ്ഥിരീകരിച്ചു.
ഗ്ലോബൽ ഗ്രീൻ ജേർണിയിലൂടെ ജപ്പാനും സൗദി അറേബ്യയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ സംയുക്തമായി നേരിടാനുള്ള സഹകരണ വഴികൾ തുറക്കുമെന്നും അതിലൂടെ വായുമലിനീകരണ പ്രശ്നങ്ങളെ നേരിടാൻ കഴിയുമെന്നും ഇത് പിന്നീട് ആഗോളതലത്തിൽ വിപുലീകരിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാപ്പനീസ് കലകൾക്ക് ആരാധകരുള്ള ഇടമാണ് സൗദി എന്നതിനാൽ അക്കാര്യത്തിലുള്ള സഹകരണവും പിപുലമാക്കാൻ ജപ്പാന് ആഗ്രഹമുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. ഇരു രാജ്യങ്ങളുടെയും നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള 26 ധാരണപത്രങ്ങളിലും നിക്ഷേപ കരാറുകളിലും കിഷിദയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.