വിദേശിയുടെ ഭാര്യ വ്യത്യസ്ത മതത്തിലുള്ളവരാണെങ്കിൽ അവർക്ക് സ്വതന്ത്ര ഇഖാമ ആയിരിക്കുമെന്ന് സൗദി ജവാസാത്ത്
text_fieldsജിദ്ദ: സൗദിയിലുള്ള വിദേശികളുടെ മറ്റു മതസ്ഥരായ ഭാര്യമാർക്ക് സ്വതന്ത്ര ഇഖാമ ആയിരിക്കും ഇഷ്യൂ ചെയ്യുകയെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. കുടുംബനാഥനായ വിദേശി തന്റെ താമസാനുമതിയിൽ (ഇഖാമ) തന്റെ മതത്തിൽ നിന്ന് വ്യത്യസ്തമായ മതത്തിൽ നിന്നുള്ള ഭാര്യയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാളുടെ ഭാര്യയുടെ ഇഖാമക്ക് നിയമപരമായി നിശ്ചയിച്ചിട്ടുള്ള 500 റിയാൽ ഫീസടച്ച് ഒരു സ്വതന്ത്ര ഇഖാമ നേടണമെന്ന് നടപടിക്രമങ്ങൾ വ്യവസ്ഥ ചെയ്യുന്നതായി ജവാസാത്ത് സ്ഥിരീകരിച്ചു.
കുടുംബനാഥന്റെ താമസാനുമതിയിൽ ഭാര്യമാരെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ചേർക്കാൻ അഭ്യർത്ഥിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ജവാസാത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യം കുടുംബനാഥൻ അപേക്ഷാ ഫോം പൂരിപ്പിച്ച് പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യവുമായി ഒത്തുനോക്കണം. തുടർന്ന് ഫോമിൽ ഒപ്പിടണം.
ശേഷം കുടുംബനാഥൻ തന്റെ ഇഖാമയിൽ ചേർക്കാൻ ആഗ്രഹിക്കുന്ന ഭാര്യയുടെയും കുട്ടികളുടെയും പാസ്‌പോർട്ടും അവരുടെ രക്ഷിതാവിനൊപ്പം താമസിക്കാൻ സൗദി എംബസി നൽകുന്ന എൻട്രി വിസയോ നിയമപരമോ ഔപചാരികമോ ആയ രേഖയോ കൊണ്ടുവരണം. 4 x 6 ഇഞ്ച് വലുപ്പത്തിൽ ഓരോ കുടുംബാംഗത്തിന്റെയും നിറമുള്ള ഫോട്ടോ വെവ്വേറെ ഉണ്ടായിരിക്കണം. കുടുംബനാഥന്റെ യഥാർത്ഥ ഇഖാമ ഉണ്ടായിരിക്കണം.
കുടുംബനാഥൻ തന്റെ ഇഖാമയിൽ ചേർക്കാൻ ആഗ്രഹിക്കുന്ന ഭാര്യയെ അയാൾ സൗദി അറേബ്യയിൽ വെച്ച് വിവാഹം ചെയ്തതാണെങ്കിൽ വിവാഹ കരാറിന്റെ പകർപ്പ് വെച്ച് അവളുടെ സ്പോൺസർഷിപ്പ് (കഫാല) ആദ്യം ഭർത്താവിന് കൈമാറണം. നിയമം അനുശാസിക്കുന്ന ഫീസ് അടയ്ക്കുന്നതോടെ അവളുടെ പേര് ഭർത്താവിന്റെ ഇഖാമയിൽ ചേർക്കും. സൗദിയിൽ ജനിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുംബനാഥൻ തന്റെ ഇഖാമയിൽ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ജനന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും കൊണ്ടുവരണം.
അംഗീകൃത ആശുപത്രികളിൽ നിന്നോ ക്ലിനിക്കുകളിൽ നിന്നോ മെഡിക്കൽ റിപ്പോർട്ടും ആവശ്യമാണ്. ഇതിനുശേഷമാണ് കുടുംബനാഥൻ അപേക്ഷ സമർപ്പിക്കേണ്ടത്. മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്ന അംഗീകൃത ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും വിവരങ്ങൾ https://www.efada.com.sa/EMC.UI/Hospitals/HospitalListForUnregistredUsers.aspx എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണെന്നും ജവാസാത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.