പരസ്പരം ക്ഷണിച്ച് സൗദി രാജാവും ഇറാൻ പ്രസിഡൻറും
text_fieldsറിയാദ്: ഏഴു വർഷത്തെ അകൽച്ചക്കുശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്ജിങ്ങിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ച് ഏറെ വൈകാതെതന്നെ സൽമാൻ രാജാവ് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സിയെ റിയാദിലേക്കു ക്ഷണിച്ചിരുന്നു.
ഇത് സ്വാഗതംചെയ്ത ഇറാൻ പ്രസിഡൻറ് സൽമാൻ രാജാവിനെ ഔദ്യോഗിക സന്ദർശനത്തിന് തെഹ്റാനിലേക്ക് ക്ഷണിച്ചതായി നയതന്ത്ര വക്താവ് നാസർ കൻആനിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡൻറ് റെയ്സിക്ക് അയച്ച കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതംചെയ്ത സൗദി രാജാവ് അദ്ദേഹത്തെ റിയാദിലേക്കു ക്ഷണിച്ചിരുന്നു.
ഇത് സ്വാഗതംചെയ്ത പ്രസിഡൻറ് സൽമാൻ രാജാവിനെ തെഹ്റാൻ സന്ദർശനത്തിന് ക്ഷണിച്ചതായി ഇറാനിയൻ പ്രസിഡൻറിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷീദിയും സ്ഥിരീകരിച്ചിട്ടുണ്ട്.
സന്ദർശനങ്ങൾ എപ്പോഴാണ് നടക്കുക എന്ന് പറയാനാവില്ലെന്ന് സൂചിപ്പിച്ച കൻആനി ഇരുരാഷ്ട്ര നേതൃത്വങ്ങളുടെയും സന്ദർശനങ്ങളും ആശയവിനിമയങ്ങളും തൽക്കാലം വിദേശകാര്യ മന്ത്രാലയ തലത്തിൽ നടക്കുമെന്ന് തെഹ്റാനിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
നയതന്ത്രബന്ധം അവസാനിക്കുന്നതിനുമുമ്പ് ഒപ്പിട്ട രണ്ടു സമഗ്ര കരാറുകൾ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. മാർച്ച് 10ലെ അനുരഞ്ജന കരാർ നടപ്പാക്കുന്നതിലെ വേഗത്തെ അഭിനന്ദിച്ച കൻആനി ഇരു രാജ്യങ്ങളുടെയും എംബസികൾ മേയ് ഒമ്പതിന് തുറക്കുമെന്ന് പറഞ്ഞു. ഇരുരാജ്യത്തെയും നയതന്ത്ര പ്രതിനിധികൾ പരസ്പരം നന്നായി ഇടപെട്ടു.
കാര്യാലയങ്ങൾ തുറന്നിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധം പ്രായോഗിക തലത്തിൽ പുനഃസ്ഥാപിക്കപ്പെട്ടുകഴിഞ്ഞു -അദ്ദേഹം പറഞ്ഞു. ഹജ്ജ് അടുത്തുവരുന്ന സ്ഥിതിക്ക് നയതന്ത്ര ദൗത്യങ്ങൾ പരമാവധി വേഗത്തിൽ നിർവഹിക്കാനാണ് തങ്ങൾ നോക്കുന്നതെന്നും കൻആനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.