സൗദി നാഷനൽ കെ.എം.സി.സി അഡ്ഹോക് കമ്മിറ്റി; കെ.പി മുഹമ്മദ് കുട്ടി പ്രസിഡൻറ്
text_fieldsജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ അഡ്ഹോക് സമിതി പ്രസിഡൻറായി കെ.പി മുഹമ്മദ് കുട്ടിയെയും വർകിങ് പ്രസിഡൻറായി അഷ്റഫ് വേങ്ങാട്ടിനെയും ജനറൽ സെക്രട്ടറിയായി ഖാദർ ചെങ്ങളയെയും ട്രഷററായി കുഞ്ഞിമോൻ കാക്കിയയെയും സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
പാണക്കാട് ഹാദിയ ഒാഡിറ്റോറിയത്തിൽ നടന്ന വ്യാഴാഴ്ച കെ.എം.സി.സി കുടുംബസുരക്ഷ സഹായ പദ്ധതി വിതരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയുടെ കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം സംഘടനക്കകത്ത് ശക്തമായിരുന്നു.
ഒരു വർഷത്തേക്കാണ് താൽകാലിക കമ്മിറ്റി. മെമ്പർഷിപ്പ് കാമ്പയിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നാണ് അറിയിപ്പ്. നേരത്തെ ഒാർഗനൈസിങ് സെക്രട്ടറിയായിരുന്ന ഇബ്രാഹിം മുഹമ്മദിനെ അഡ്വൈസറി ബോർഡ് ചെയർമാനാക്കി നിയമിച്ചു. ഒാർഗനൈസിങ് സെക്രട്ടറി പദവി ഒഴിവാക്കി. വൈസ് പ്രസിഡൻറ് സെക്രട്ടറി പദവികളും വേണ്ടെന്നു വെച്ചു. പകരം 40 അംഗ സെക്രട്ടറിയേറ്റിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തേക്കാണ് സാധാരണ നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ആറ് വർഷമായിട്ടും നിലവിലെ കമ്മിറ്റിക്ക് പകരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നില്ല. ഇതു സംബന്ധിച്ച് സംഘടനക്കകത്ത് അഭിപ്രായ വ്യത്യാസം രൂക്ഷമായതിനിടയിലാണ് താൽകാലിക കമ്മിറ്റിയെ പ്രഖ്യാപിച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്. സൗദി നാഷനൽ കമ്മിറ്റിക്ക് ഡിസംബർ ആറിന് അഡ്ഹോക് കമ്മിറ്റിയാണ് പ്രഖ്യാപിക്കുകയെന്ന് കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.