സൗദി കെ.എം.സി.സി ‘ഹദിയത്തു റഹ്മ’ ആദ്യ ഗഡു ചെറിയ പെരുന്നാളിന്
text_fieldsദമ്മാം: ഗൾഫിൽ ദീർഘകാലം ചെലവഴിച്ച് തിരിച്ചുപോയ പ്രവാസികൾക്ക് സൗദി കെ.എം.സി.സി ഒരു വർഷം പ്രതിമാസം 2,000 രൂപ വീതം പെൻഷൻ നൽകും. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ‘ഹദിയത്തുറഹ്മ’ പെൻഷൻ പദ്ധതിയിൽ നിന്നുള്ള ആദ്യ മാസത്തെ വിഹിതം ചെറിയ പെരുന്നാൾ സമ്മാനമായി ഗുണഭോകതാക്കൾക്ക് എത്തിച്ച് നൽകി തുടക്കം കുറിക്കുമെന്ന് ദമ്മാമിൽ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
നാഷനൽ കമ്മറ്റിയുടെ സാമൂഹിക സുരക്ഷാപദ്ധതിയിൽ തുടക്കം മുതൽ തുടർച്ചയായി സഹകരിക്കുകയും 60 വയസ്സ് പിന്നിടുകയും ചെയ്ത മുൻ പ്രവാസികൾക്കായാണ് ‘ഹദിയത്തുറഹ്മ’ സഹായത്തിന് അർഹതയുള്ളത്. അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച 164 മുൻ പ്രവാസികൾക്കാണ് ഈ വർഷം പദ്ധതി ആനുകൂല്യം ലഭിക്കുക. എല്ലാ മാസവും 2,000 രൂപ വീതം ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ച് നൽകുന്ന രൂപത്തിലാണ് പദ്ധതി ചെയ്തിട്ടുള്ളത്.
ഒരു ദശാബ്ദം പിന്നിട്ട സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ 65,000ത്തോളം അംഗങ്ങളുണ്ട്. വർഷത്തിൽ എല്ലാ ആഴ്ച്ചയും അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായങ്ങൾ ബാങ്ക് മുഖേനെ നേരിട്ട് നൽകി വരുന്നു. പദ്ധതി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് തവണയായി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവാസ ലോകത്ത് എല്ലാവരുടെയും സ്വീകാര്യത നേടിയ ഈ പദ്ധതി പ്രഫഷനൽ സംവിധാനങ്ങളോടെ കോഴിക്കോട് കേന്ദ്രമായി രജിസ്ട്രേഡ് ട്രസ്റ്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. നാഷനൽ കെ.എം.സി.സിയുടെ കീഴിലുള്ള 35 സെൻട്രൽ കമ്മിറ്റികൾ മുഖേനെയാണ് ‘ഹദിയത്തുറഹ്മ’ പദ്ധതി നടപ്പാക്കുന്നത്. വാർത്താസമ്മേളനത്തിൽ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.