സൗദി കെ.എം.സി.സി കർമപുരസ്കാരം പ്രഫ. ഖാദർ മൊയ്തീന് സമ്മാനിച്ചു
text_fieldsറിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ഇൗ വർഷത്തെ സി. ഹാഷിം എൻജിനീയർ സ്മാരക കർമ പുരസ്കാരം മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീന് സമ്മാനിച്ചു. ചെന്നൈ വെസ്റ്റിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്കാരം കൈമാറിയത്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അബ്ദുൽ മുഹൈമീൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സെക്രട്ടറി ഖുറം അനീസ്, തമിഴ്നാട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ. അബൂബക്കർ, സെക്രട്ടറി കെ.എം. നജ്മുദ്ദീൻ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു.
ഇന്ത്യയിൽ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും അവിടെയുള്ള ന്യൂനപക്ഷങ്ങൾക്കും മാതൃകയാക്കാൻ പറ്റുന്ന വിധം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ തെൻറ പ്രസ്ഥാനത്തിെൻറ പോഷക ഘടകത്തിൽനിന്നുതന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ പ്രഫ. ഖാദർ മൊയ്തീൻ പറഞ്ഞു. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിൽ മുൻനിരയിൽ നിലകൊണ്ട പ്രഫ. ഖാദർ മൊയ്തീന് ആറ് പതിറ്റാണ്ടിലപ്പുറമുള്ള സേവനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സ്ഥാപക നേതാവും മുൻ ട്രഷററുമായിരുന്ന പരേതനായ സി. ഹാഷിം എൻജിനീയറുടെ സ്മരാണാർഥമാണ് കർമ പുരസ്കാരം. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, വൈസ് പ്രസിഡൻറ് ജലീൽ വലിയകത്ത്, എം.എസ്.എഫ് നേതാക്കളായ എസ്.എച്ച്. അർഷാദ്, പി.വി. അഹമ്മദ് സാജു, കെ.എം.സി.സി നേതാക്കളായ പി.എം. അബ്ദുൽ ഹഖ്, റഫീഖ് പാറക്കൽ, വി.പി. മുസ്തഫ, ഗഫൂർ പട്ടിക്കാട്, അനസ് പട്ടാമ്പി, അബ്ദുറഹ്മാൻ മാളൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും സെക്രേട്ടറിയറ്റ് അംഗം ഡോ. മുഹമ്മദ് കാവുങ്ങൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.