സൗദി കെ.എം.സി.സി നേതാവ് എന്‍.കെ മരക്കാര്‍കുട്ടി ഹാജി നിര്യാതനായി
text_fieldsഅല്‍കോബാര്‍: കെ.എം.സി.സി നേതാവും അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസിയുമായ എന്‍.കെ മരക്കാര്‍കുട്ടി ഹാജി (75) നിര്യാതനായി. സൗദിയിലേക്ക് മടങ്ങുന്ന വഴി കരിപ്പൂരില്‍ വെച്ച് ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്. ആറു മാസത്തിലധികമായി നാട്ടില്‍ അവധിയിലായിരുന്ന അദ്ദേഹം ഷാര്‍ജ വഴി സൗദിയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ ബോര്‍ഡിങ് നടപടികള്‍ക്കിടെ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഖബറടക്കം കുറ്റിക്കാട്ടൂര്‍ കണിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. നാട്ടിലുള്ള കെ.എം.സി.സി നേതാക്കളായ സുലൈമാന്‍ കൂലെരി, പി.പി. മുഹമ്മദ് എളേറ്റില്‍, മുഹമ്മദ് കുട്ടി കോഡൂര്‍, സി.പി. ശരീഫ്, ഇഫ്തിയാസ് അഴിയൂര്‍, കലാം മീഞ്ചന്ത, മുനീര്‍ നന്തി എന്നിവര്‍ സംബന്ധിച്ചു.
നാല് പതിറ്റാണ്ട് കാലാമായി അല്‍കോബാര്‍ ടൗണിലെ അല്‍ഔഫീ ട്രേഡിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന മരക്കാര്‍കുട്ടി ഹാജി, അല്‍കോബാര്‍ കെ.എം.സി.സി യുടെയും എസ്.ഐ.സി അല്‍കോബാറിന്‍റെയും സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം കുറ്റിക്കാട്ടൂര്‍ ഓര്‍ഫനേജ് ട്രഷറര്‍ സ്ഥാനത്ത് ദീർഘകാലമായി പ്രവർത്തിച്ചിരുന്നു. ഹലീമയാണ് ഭാര്യ. മക്കള്‍: ആസിയ അല്‍കോബാര്‍, അഷ്‌റഫ് അല്‍കോബാര്‍, ബുഷറ, ആഷിക്മ. മരുമക്കൾ: ഹംസ കൊടുവള്ളി, ഫൌനാസ്, അബ്ദുല്‍ ഗഫൂര്‍ ആവിലോറ, മുഹ്സിന.
അല്‍കോബാറിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ക്ക് എന്നും അകമഴിഞ്ഞ പിന്തുണ നല്‍കിയ അനുഭവ സമ്പത്തുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് അല്‍കോബാര്‍ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ അനുസ്മരിച്ചു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി നേതാക്കളും മരക്കാര്‍കുട്ടി ഹാജിയുടെ വേര്‍പാടില്‍ അനുശോചനം അര്‍പ്പിച്ചു. ഹാജിയുടെ വേര്‍പാടില്‍ വിവിധ കെ.എം.സി.സി ഘടകങ്ങളില്‍ പ്രാര്‍ഥനാസംഗമങ്ങള്‍ നടത്താന്‍ പ്രവിശ്യ കമ്മിറ്റി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.