സൗദി കെ.എം.സി.സി സുരക്ഷപദ്ധതി ആനുകൂല്യ വിതരണം ശനിയാഴ്ച
text_fieldsറിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷപദ്ധതി ആനുകൂല്യവിതരണം ശനിയാഴ്ച നടക്കും. 2023-24 കാലയളവിൽ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 30 പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ ചെമ്മാട് കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് രണ്ട് കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്.
പദ്ധതിയിൽ അംഗങ്ങളായ 170 പേർക്കുള്ള ചികിത്സസഹായ വിതരണവും ചടങ്ങിൽ നടക്കുമെന്ന് പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയയും ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അറിയിച്ചു.
മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, എം.സി. മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, ഉമർ പാണ്ടികശാല, പി.കെ. അബ്ദുറബ്ബ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി. സൈതലവി, പി. അബ്ദുൽഹമീദ് മാസ്റ്റർ എം.എൽ.എ, ഹനീഫ മൂന്നിയൂർ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.എച്ച്. മഹമൂദ് ഹാജി, എം.കെ. ബാവ, പി.എം.എ. സമീർ തുടങ്ങിയവരും കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കരീം താമരശ്ശേരി, ബഷീർ മൂന്നിയൂർ, റഫീഖ് പാറക്കൽ എന്നിവരും പങ്കെടുക്കും.
രാജ്യത്തെ മലയാളി സമൂഹത്തെ ചേർത്തുനിർത്തി ജാതി മത രാഷ്ട്രീയ ഭേദമെന്യേ അംഗത്വം നല്കി നടപ്പാക്കി വരുന്ന സുരക്ഷപദ്ധതിയില്‍ ഈ വർഷം മുക്കാല്‍ ലക്ഷത്തിലധികം പ്രവാസികള്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ 10 ലക്ഷംവരെയാണ് പദ്ധതിയില്‍നിന്ന് നല്‍കുന്നത്. അംഗമായിരിക്കുമ്പോള്‍ മാരക രോഗത്തിന് ചികിത്സ നടത്തുന്നവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് പുറമെ മുന്‍പ്രവാസികള്‍ക്ക് കൂടി അംഗത്വം നല്‍കികൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഹദിയത്തുറഹ്മയെന്ന പേരില്‍ 60 വയസ്സ് പിന്നിട്ട മുന്‍കാലങ്ങളിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് മാസാന്ത പെന്ഷന് പദ്ധതിയും നിലവിലുണ്ട്. പരിപാടിയിൽ നാട്ടിലുള്ള സൗദിയിലെ പ്രവാസി സമൂഹവും കെ.എം.സി.സി പ്രവർത്തകരും പങ്കെടുക്കണമെന്ന് കെ.എം.സി.സി നേതാക്കൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.