സൗദി കെ.എം.സി.സി സുരക്ഷാപദ്ധതി അംഗത്വ കാമ്പയിന് തുടക്കം
text_fieldsറിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാപദ്ധതി 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഈ മാസം 15-ന് ആരംഭിച്ചു. നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും മുന്നോട്ടു വരുന്നതെന്ന് പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാസർകോട് നടന്ന സുരക്ഷാപദ്ധതി ആനുകൂല്യ വിതരണ ചടങ്ങിൽ അടുത്ത വർഷത്തേക്കുള്ള കാമ്പയിൻ ഉദ്ഘാടനം നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടിക്ക് അംഗത്വം പുതുക്കി നൽകി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു. കെ.എം.സി.സിയുടെ 40-ഓളം സെൻട്രൽ കമ്മിറ്റികൾ വഴിയാണ് കാമ്പയിൻ നടക്കുക. അതതിടങ്ങളിൽ കോഓഡിനേറ്റർമാരെ നിശ്ചയിച്ചിട്ടുണ്ട്.
അംഗത്വമെടുക്കാനും പുതുക്കാനും ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ട കാലത്തിനിടയിൽ അംഗങ്ങളായ അറുനൂറോളം പേരാണ് ഇതിനകം മരിച്ചത്. കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വേർപാടിൽ അനാഥരായി പോയ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുകയായിരുന്നു കെ.എം.സി.സി സുരക്ഷാ പദ്ധതി. 40 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഇവർക്ക് നൽകിയത്. 2000-ൽ പരം പേർക്ക് ചികിത്സാ സഹായവും നൽകി.
സഊദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതി മത വേര്ത്തിരിവുകള്ക്കുമതീതമായി ചേരാവുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു. www .mykmcc.org എന്ന വെബ്സൈറ്റിലൂടെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വം എടുക്കാനും കഴിയും. ഇതിന് അസൗകര്യമുള്ള പ്രവാസികൾ അതതിടങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുമായി ബന്ധപ്പെട്ട് അംഗത്വമെടുക്കാൻ സാധിക്കും.
അനാഥരാകുന്ന കുടുംബങ്ങൾക്ക് സർക്കാറുകളിൽനിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെ.എം.സി.സിയുടെ ഈ കർമ്മ പദ്ധതി നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതെന്ന് മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, ചെയർമാൻ ഖാദര്‍ ചെങ്കള, ട്രഷറർ അഹമ്മദ് പാളയാട്ട്, സുരക്ഷാപദ്ധതി ചെയര്മാന് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കോഓഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.