സൗദി-കൊറിയൻ സാംസ്കാരികോത്സവം: സംഗീത-നൃത്ത ലഹരിയിലാറാടി ബോളിവാഡ് വിനോദനഗരി
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിലെ വിനോദനഗരിയായ ബോളിവാഡിലെ ‘മുഹമ്മദ് അബ്ദു അറീന’യിൽ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറിയ സൗദി-കൊറിയൻ സാംസ്കാരികോത്സവം സമാപിച്ചു. സൗദി മ്യൂസിക് കമീഷനാണ് രണ്ടാം തവണയും ‘കെ-കോണി’ന് നേതൃത്വം നൽകിയത്. മാസ്മരിക ലഹരി പടർത്തിയ സംഗീത-നൃത്ത പരിപാടി ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധത്തിൽ ഒരു നാഴികക്കല്ലായി മാറി. ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് കെ-പോപ്പിലെ സൂപ്പർ ജൂനിയർ താരങ്ങളാണ് ‘കെ-കോൺ’ എന്ന പേരിലുള്ള പരിപാടി അവതരിപ്പിച്ചത്.
2012ൽ ആരംഭിച്ച കെ-കോൺ ഫെസ്റ്റിവൽ ഏറ്റവും വലിയ കൊറിയൻ സാംസ്കാരിക ഉത്സവങ്ങളിലൊന്നാണ്. 14 കൊറിയൻ ബാൻഡുകളുടെ പങ്കാളിത്തത്തോടെയാണ് രണ്ട് ദിവസങ്ങളിലായി അന്താരാഷ്ട്ര കച്ചേരി ആവിഷ്കരിച്ചത്. സൗദി സാംസ്കാരിക മന്ത്രാലയവും കൊറിയൻ സി.ജെ ഗ്രൂപ്പുമായി നേരത്തെ ഒപ്പുവെച്ച കരാർ സജീവമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആഗോളോത്സവം സംഘടിപ്പിച്ചത്. ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര ഉത്സവങ്ങളെയും ഫോറങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാൻ സൗദി മന്ത്രാലയം ലക്ഷ്യമിടുന്നതിെൻറയും കലക്കും സംസ്കാരത്തിനും സൗദിയുടെ സംഭാവന വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ‘വിഷൻ 2030’ന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിെൻറയും ഭാഗംകൂടിയാണിത്.
വെള്ളിയാഴ്ച വൈകീട്ട് മാധ്യമ പ്രവർത്തകർക്കായി നടന്ന ബ്രീഫിങ്ങിൽ സീനിയർ പി.ആർ. മാനേജർ ഡാവിന പാന്ധേ, സാറ കബീദി (മീഡിയ കോഓഡിനേറ്റർ, റോതാന ഗ്രൂപ്) എന്നിവർ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങളും അവതരിപ്പിക്കപ്പെടുന്ന ഇനങ്ങളും വിശദീകരിച്ചു. പരിപാടി സ്ഥലത്തെ വിവിധയിടങ്ങൾ ഇവൻറ് ടീമിെൻറ നേതൃത്വത്തിൽ സന്ദർശിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. സാംസ്കാരികോത്സവം കച്ചേരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല, കൊറിയയെ സ്നേഹിക്കുന്ന എല്ലാ സന്ദർശകർക്കും ആസ്വദിക്കാനായി കൊറിയൻ സംസ്കാരം അനാവരണം ചെയ്യുന്ന ഒരു പ്രദർശനവും ഒരുക്കിയിരുന്നു.
വൈകിട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെയായിരുന്നു കൺവെൻഷൻ ഹാളിലെ പ്രദർശനം. സംഗീതം, ഫാഷൻ, ഭക്ഷണം, പാനീയങ്ങൾ, സിനിമകൾ തുടങ്ങി നിരവധി മേഖലകളിലെ കൊറിയൻ സംസ്കാരത്തെ പ്രദർശനം ഉയർത്തിക്കാട്ടി. സൗദി സന്ദർശകരെയും വിനോദസഞ്ചാരികളെയും കൊറിയയിലേക്ക് ആകർഷിക്കുവാനും ഇത് ലക്ഷ്യമിടുന്നു. വിവിധ ഗെയിമുകൾക്ക് പുറമെ താരങ്ങൾ അണിനിരന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി പ്രിയപ്പെട്ട ബാൻഡിനെയും കലാകാരന്മാരെയും കണ്ടുമുട്ടുവാനും സംവദിക്കുവാനുമുള്ള അവസരമായിരുന്നു.
9.30 മുതൽ അർധരാത്രി വരെ നീണ്ടുനിന്ന സംഗീത-നൃത്ത പരിപാടിയിൽ വോൻബിൻ, സ്യൂംഗാൻ, ഷോട്ടാരോ, സോഹി, സുങ്ചാൻ, യൂൻസോക്ക്, ആൻറൺ എന്നിവരടങ്ങുന്ന സംഘം നിറഞ്ഞാടിപ്പാടി. സൂപ്പർ ജൂനിയർ ഡി ആൻഡ് ഇ, ഹൈലൈറ്റ്, എവർഗ്ലൗ, കാർഡ്, റീസി, ഹൈല്യൻ, എയ്റ്റ് ടേൺ എന്നിവ ഒന്നാം ദിവസവും സൂപ്പർ ജൂനിയർ, ഡ്രീംകാച്ചർ, ഹോ മൈ ഗേൾ, എൽ സെവൻ അപ്, എവിന്നെ, ടെമ്പേസ്റ്, ടി.എൻ.എക്സ് എന്നിവ രണ്ടാം ദിവസവും അവതരിപ്പിച്ചു. രണ്ടുനാൾ നീണ്ട കൊറിയൻ സാംസ്കാരികോത്സവം ആ രാജ്യത്തെ അടുത്തറിയുവാൻ ഉതകുന്നതായിരുന്നു. പുതിയ ലോകം കൊറിയൻ സംസ്കാരികത്തനിമയെ എത്രമാത്രം നെഞ്ചേറ്റുന്നുവെന്നതിെൻറ തെളിവുമായി.
ആഘോഷ നഗരി കൈയിലെടുത്ത് യുവതികൾ
റിയാദ്: കൊറിയൻ സാംസ്കാരികോത്സവം യുവതികളുടെ ആഘോഷമായി മാറി. പുതുതലമുറയിൽ കൊറിയൻ സിനിമയും സംഗീതവും ആഴ്ന്നിറങ്ങുന്നതിെൻറ കാഴ്ചകളായിരുന്നു ആഘോഷ നഗരിയിലെ ഓരോ നിമിഷവും. കൊറിയൻ പോപ്പ് സംഗീതവും സുപരിചിതമായ ബാൻഡുകളുടെ ഇഷ്ട ആൽബങ്ങളിൽനിന്നുള്ള ഗാനങ്ങളും അലയടിച്ചപ്പോൾ ആടിയും പാടിയും പുതുതലമുറയിലെ സൗദി വനിതകൾ പങ്കുചേർന്നത് കൗതുകമായി.
ലോകത്ത് യുവസമൂഹത്തിെൻറ തരംഗമായി മാറിയ കൊറിയൻ കലാവിഷ്കാരങ്ങൾക്ക് മരുഭൂമിയിലും പിന്തുടർച്ചക്കാരുണ്ടെന്നത് സൗദി കൊറിയൻ ബന്ധങ്ങൾക്ക് ഊഷ്മളത പകരും. എന്നാൽ, യുവാക്കളുടെ സാന്നിധ്യം നന്നേ ചുരുങ്ങിയത് കൊറിയൻ ബാൻഡുകൾക്ക് അവരെ സ്വാധീനിക്കാൻ കഴിയാത്തതിെൻറയും തെളിവായി. താരങ്ങളെയും ഈരടികളെയും കൃത്യമായി പിന്തുടർന്ന പെൺകുട്ടികൾ കൊറിയൻ ഭാഷയിലും കലകളിലും തങ്ങൾക്ക് പ്രാവീണ്യമുണ്ടെന്ന് തോന്നിപ്പിച്ചു.
മുഹമ്മദ് അബ്ദു അറീനയിലും കൺവെൻഷൻ സെൻററിലും അരങ്ങേറിയ താരങ്ങളുടെ പ്രകടനങ്ങളിലും പെൺപടയുടെ വർധിത സാന്നിധ്യമായിരുന്നു. ഉച്ചത്തിൽ പ്രതികരിച്ചും ഇൻസ്റ്റയടക്കമുള്ള മാധ്യമങ്ങളിലൂടെ പങ്കുവെച്ചും അവർ സൗദി-കൊറിയൻ സാംസ്കാരിക മഹോത്സവത്തിന് പുതിയൊരു ചരിത്രം എഴുതിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.