സൗദി തൊഴിൽ നിയമ പരിഷ്കാരം: തൊഴിലാളികളെ നിയമിക്കാൻ ഇടനിലക്കാർക്ക് പണം നൽകിയാൽ പിഴ
text_fieldsറിയാദ്: സൗദി തൊഴിൽ നിയമങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്തുന്നു. വിദേശിയോ സ്വദേശിയോ ആയ ജീവനക്കാരെ ഇടനിലക്കാർക്ക് പണം കൊടുത്ത് നിയമിച്ചാൽ രണ്ടുലക്ഷം റിയാൽ പിഴ ചുമത്തും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്.
പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ ഇത്തരം രീതിക്ക് രണ്ടു മുതൽ അഞ്ചുലക്ഷം റിയാൽ വരെയാണ് പിഴ. ഇതിനായി തൊഴിൽ നിയമത്തിലെ 231ാം അനുച്ഛേദത്തിൽ മാറ്റം വരുത്തും. തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്മെൻറ് ഫീ തൊഴിലുടമ തന്നെ അടക്കണം. തൊഴിലാളിയുടെ ഇഖാമ, വർക്ക് പെർമിറ്റ് ഫീസുകളും വിമാന യാത്രാ ടിക്കറ്റുകളും തൊഴിലുടമ വഹിക്കണം. തൊഴിലാളിയുടെ താമസം തൊഴിലുടമയുടെ ബാധ്യതയാണെന്നും നടപ്പാക്കാനിരിക്കുന്ന തൊഴിൽ നിയമത്തിൽ പറയുന്നു.
പ്രസവാവധി 10 ആഴ്ചയെന്നത് 14 ആക്കി ഉയർത്തും. മാർച്ചിൽ നടപ്പാക്കാനിരിക്കുന്ന പുതിയ നിയമത്തിൽ തിരുത്തലിന് ജനങ്ങൾക്കും അഭിപ്രായമറിയിക്കാം. ഇഖാമ, വർക്ക് പെർമിറ്റ് ഫീസുകളും തൊഴിലാളിക്കായി അടക്കേണ്ട മുഴുവൻ സർക്കാർ ഫീസുകളും തൊഴിലുടമ തന്നെയാണ് അടക്കേണ്ടത്. നാട്ടിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും തൊഴിലുടമയുടെ ബാധ്യതയാണ്. എന്നാൽ, റീ എൻട്രി ഫീസ് തൊഴിലാളിയാണ് അടക്കേണ്ടത്. അമ്മമാർക്കുള്ള പ്രസവാവധി 10 ആഴ്ചയിൽനിന്നാണ് 14 ആയി ഉയർത്തുന്നത്. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതാണ് നിയമ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.
മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിലവിലെ തൊഴിൽനിയമം പരിഷ്കരിക്കുന്നത്. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇൗ വിവരങ്ങൾ പുറത്തുവിട്ടത്. സ്വകാര്യമേഖല സ്ഥാപനങ്ങളിലെ തൊഴിലന്തരീക്ഷം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും. മതം, വർഗം, നിറം, ലിംഗം, ഭിന്നശേഷി, വിവാഹം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നും നിയമം പറയുന്നു. കോടതിവിധിയില്ലാതെ ശമ്പളം പിടിച്ചുവെക്കരുത്. തൊഴിലാളിക്കുള്ള താമസം തൊഴിലുടമ ഒരുക്കണം. ശമ്പളം തുടരെ മുടങ്ങിയാൽ തൊഴിലുടമയുടെ സമ്മതമില്ലാതെ റദ്ദാക്കാമെന്നും പുതിയ തൊഴിൽ നിയമങ്ങളിൽ പറയുന്നു. പരിഷ്കരിച്ച നിയമം മന്ത്രാലയത്തിെൻറ അന്തിമ വിജ്ഞാപനത്തിൽ പ്രഖ്യാപിക്കും. നിലവിലെ പരിഷ്കരണത്തിൽ അഭിപ്രായം അറിയിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.