ആറ് സുപ്രധാന ഭേദഗതികളോടെ സൗദി തൊഴിൽനിയമങ്ങൾ പരിഷ്കരിച്ചു; ‘ഓവർടൈം ജോലിക്ക് ശമ്പളത്തോടൊപ്പം അവധി’
text_fieldsജിദ്ദ: ‘വിഷന്‍ 2030’ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുംവിധം വിദേശി, സ്വദേശി തൊഴിലാളികൾക്ക് വലിയ തോതിൽ ഗുണകരമാവുന്ന സുപ്രധാന ഭേദഗതികളോടെ സൗദി തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ കരാർ, ജീവനക്കാരുടെ അവധി, സ്ഥാപനം വിട്ടുപോകൽ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട ആറ് ഭേദഗതികൾ ഉൾപ്പെടെ സൗദി തൊഴിൽ നിയമത്തിലെ 47 ആർട്ടിക്കിളുകളിലാണ് പരിഷ്കരണം വരുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം പുതിയ നിയമത്തിന് അംഗീകാരം നൽകി. 2025 ഫെബ്രുവരിയോടെ ഭേദഗതികൾ പ്രാബല്യത്തിൽ വരും.
ഇത് സൗദി തൊഴില്‍ രംഗത്ത് വന്‍ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ നിയമം. പ്രസവാവധി നീട്ടല്‍, സഹോദരനോ സഹോദരിയോ പോലുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണത്തില്‍ ശമ്പളത്തോട് കൂടിയ അവധി, അനിശ്ചിതകാല തൊഴില്‍ കരാറുകള്‍ക്ക് നിർണിതമായ നോട്ടീസ് കാലയളവ് നല്‍കല്‍ തുടങ്ങിയവ തൊഴില്‍ മാറ്റങ്ങളില്‍ പ്രധാനമാണ്. പ്രസവാവധി 12 ആഴ്ചയായി നീട്ടി. നിലവിൽ അത് 10 ആഴ്ചയായിരുന്നു. അടുത്ത ബന്ധുക്കളുടെ മരണത്തിന് ശമ്പളത്തോട് കൂടി മൂന്നു ദിവസത്തെ അവധി അനുവദിക്കുന്നതാണ് മറ്റൊരു പരിഷ്കാരം. നിലവിൽ ഒരു ദിവസത്തെ അവധിക്കാണ് അനുമതിയുണ്ടായിരുന്നത്.
ഓവര്‍ടൈം വേതനത്തിന് പകരം ശമ്പളത്തോട് കൂടിയ അവധി നല്‍കുന്നതാണ് മറ്റൊരു ഭേദഗതി. അധികസമയം ജോലി ചെയ്താൽ മറ്റൊരു ദിവസം പൂർണശമ്പളത്തോടെ അവധി നൽകണം. എന്നാൽ അവധി വേണ്ടെങ്കിൽ പകരം വേതനം കൈപ്പറ്റാനുള്ള സ്വാതന്ത്ര്യവും തൊഴിലാളിക്കുണ്ടാവും. ജോലിക്ക് ചേർന്നാലുണ്ടാവുന്ന പ്രൊബേഷൻ കാലയളവ് പരമാവധി 180 ദിവസമായി (ആറ് മാസം) നിജപ്പെടുത്തിയതാണ് പ്രധാനപ്പെട്ട മറ്റൊരു പരിഷ്കാരം.
വിദേശ തൊഴിലാളികളുമായുള്ള കരാറിൽ സേവന കാലയളവ് തൊഴിലുടമ കാണിച്ചിട്ടില്ലെങ്കിൽ ജോലിക്ക് ചേരുന്ന ദിവസം മുതൽ ഒരു വർഷമായിരിക്കും കാലാവധി. അതുകഴിഞ്ഞാൽ തൊഴിലാളിക്ക് സേവനം അവസാനിപ്പിക്കാവുന്നതാണ്. നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇഖാമയുടെ (റെസിഡൻറ് പെർമിറ്റ്) കാലാവധിയായിരുന്നു സേവനകാലയളവും.
ജീവനക്കാരന്‍ അവസാനിപ്പിക്കാന്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. തൊഴിലുടമയുടെ താല്‍പര്യ പ്രകാരമാണെങ്കില്‍, ജീവനക്കാരന് 60 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതാണ്. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ സൗദി തൊഴില്‍ വിപണി മെച്ചപ്പെടുത്തുമെന്നും തൊഴില്‍ സ്ഥിരത ഉണ്ടാക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം പ്രതീക്ഷിക്കുന്നു. തൊഴില്‍ കരാറുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലം തൊഴില്‍ഭേദഗതികള്‍ ഗുണകരമായിരിക്കും.
തൊഴിലാളിക്ക് ജോലി രാജിവെക്കുന്നതിനോ അതല്ലെങ്കിൽ തൊഴിലുടമയ്ക്ക് പിരിച്ചുവിടുന്നതിനോ നിശ്ചിത ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകണം. രാജിവെക്കുന്നതിന് 30 ദിവസം മുമ്പ് തൊഴിലാളി നോട്ടീസ് നൽകിയിരിക്കണം. പിരിച്ചുവിടുന്നതിന് 60 ദിവസം മുമ്പ് തൊഴിലുടമ തൊഴിലാളിക്ക് നോട്ടീസ്നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.