അത്തിപ്പഴ ഉൽപാദനത്തിൽ മുന്നേറി സൗദി
text_fieldsയാംബു: അത്തിപ്പഴ ഉൽപാദനത്തിൽ സൗദി അറേബ്യ വൻകാർഷികമുന്നേറ്റം നടത്തിയതായി റിപ്പോർട്ട്. അത്തിയുടെ കാർഷികോൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള 1,421 ഹെക്ടർ സ്ഥലത്ത് അത്തിപ്പഴ കൃഷി നടക്കുന്നു. മൊത്തം ഉൽപാദനം 28,000 ടൺ കവിഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വാർഷിക ഉൽപാദനത്തിൽ ജീസാൻ മേഖലയാണ് മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ റിയാദ് മേഖലയാണ്.
ജീസാനിൽ 9,906 ടണ്ണും റിയാദ് മേഖലയിൽ 8,010 ടണ്ണുമാണ് വാർഷിക ഉൽപാദനം. അസീർ 3,970ഉം മക്ക 1,635ഉം ഹാഈൽ 1,033ഉം അൽ ജൗഫ് 874ഉം അൽ ബാഹ 790ഉം അൽ ഖസിം 737ഉം നജ്റാൻ 645ഉം തബൂക്ക് 348ഉം മദീന 245ഉം വടക്കൻ അതിർത്തി പ്രദേശങ്ങൾ 36ഉം ടൺ അത്തിപ്പഴ ഉൽപാദനമാണ് രാജ്യത്ത് വാർഷികാടിസ്ഥാനത്തിൽ നടക്കുന്നതെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി മുതൽ നവംബർ വരെയാണ് സൗദിയിൽ പ്രധാനമായും അത്തിപ്പഴ ഉൽപ്പാദന സീസൺ.
വിവിധ തരത്തിലുള്ള പ്രാദേശികയിനങ്ങൾ വിവിധ അളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നു. മദനി, ടർക്കിഷ്, വസീരി, കടോട, വൈറ്റ് കിങ് തുടങ്ങിയ ഇനങ്ങളാണ് സൗദിയിൽ ഏറ്റവും പ്രചാരത്തിലുള്ളത്. രാജ്യത്തുടനീളമുള്ള സുസ്ഥിര കാർഷിക ഗ്രാമവികസന പരിപാടിയിലൂടെ അത്തിപ്പഴത്തിന്റെ ഉൽപാദനം, സംസ്കരണം, വിപണനം എന്നിവ വികസിപ്പിക്കുന്നതിനായി മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
രാജ്യത്തിന്റെ വൈവിധ്യമാർന്ന പഴവർഗങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം വളർത്താനും വിപണനവും വിതരണവും മെച്ചപ്പെടുത്തി കർഷകരെ സഹായിക്കാനും സർക്കാർ വിവിധ രീതിയിൽ പ്രോത്സാഹന പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട്.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യാൻ ആവശ്യമായ സേവനങ്ങൾ ഒരുക്കാനും അത്തിപ്പഴ വിളവെടുപ്പ് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിനും മന്ത്രാലയം കൂടുതൽ ഊന്നൽ നൽകിയതോടെ രാജ്യത്ത് ഈത്തപ്പഴ കാർഷികമേഖലക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ വഴിവെച്ചതായി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.