സൗദി മലയാളി സമാജം കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsദമ്മാം: സാഹിത്യ കൂട്ടായ്മയായ സൗദി മലയാളി സമാജം കേരളപ്പിറവി ദിനം 'മലയാണ്മ 2021' എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നൃത്താധ്യാപിക ശിൽപ നൈസിൽ അവതരിപ്പിച്ച സമാജത്തിെൻറ ശീർഷകഗാനത്തിെൻറ കേരളനടന നൃത്താവിഷ്കാരത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മലയാളി സമാജം പ്രസിഡൻറ് മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമാതാവും കലാസംസ്കാരിക പ്രവർത്തകനുമായ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ മുഖ്യ പ്രസംഗം നടത്തി. അധ്യാപിക ഖദീജ ഹബീബ് സദസ്സിന് ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന മലയാളം ഭാഷാധ്യാപകരായ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക ഗായത്രീദേവി ഉദയൻ, അൽഖൊസാമ സ്കൂൾ അധ്യാപിക ഷംനാ ശശി, അൽമുന സ്കൂൾ അധ്യാപിക ജസീല അബ്ദുല്ല എന്നിവരെ മുഖ്യാതിഥി ജോളി ലോനപ്പൻ പ്രശംസപത്രവും ഫലകവും നൽകി ആദരിച്ചു. 'മലയാണ്മ'യോടനുബന്ധിച്ചു നടന്ന പ്രസംഗ, ചിത്രരചന മത്സരങ്ങളിലെ വിജയികളായ ജോഷ്വാ സന്തോഷ്, അക്സ ഹെലൻ, സംവൃത സുരേഷ്, സംജുക്ത സുരേഷ് എന്നിവർക്കും പങ്കെടുത്ത മറ്റു കുട്ടികൾക്കുമുള്ള സമ്മാനവിതരണവും നടന്നു. പ്രസംഗ, ചിത്രരചന മത്സരങ്ങളുടെ വിധികർത്താക്കളായ പ്രകാശൻ പാലക്കടവത്ത്, ഹബീബ് അമ്പാടൻ, വിനോദ് കുഞ്ഞ്, ബിനു കുഞ്ഞ് എന്നിവരെ വേദിയിൽ ആദരിച്ചു. എം.സി. വിനോദ്, ഹമീദ് കാണിച്ചാട്ടിൽ, കല്യാണി ബിനു, വിനീഷ് എന്നിവർ ഗാനങ്ങളും ഫയാസ് ഹബീബ്, സഫീർ കുണ്ടറ എന്നിവർ കവിതകളും ആലപിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.