സൗദിയിലേക്കുള്ള യാത്രാമധ്യേ മലയാളി ദുബൈയിൽ മരിച്ചു; ഭാര്യ ഇക്കാര്യമറിഞ്ഞത് പിറ്റേന്ന്
text_fieldsറിയാദ്: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്സ് വിസയിൽ സൗദിയിലേക്ക് പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ജോമി (31) ആണ് തിങ്കളാഴ്ച രാത്രിയിൽ ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്.
ഒരു റിക്രൂട്ടിങ് കമ്പനിയുടെ നഴ്സ് വിസയിൽ ഞായറാഴ്ച റിയാദിലെത്തിയ ഭാര്യ അനുഷ വർഗീസ് ഭർത്താവിെൻറ മരണമറിഞ്ഞത് ചൊവ്വാഴ്ചയാണ്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറൻറീൻ എന്ന നിബന്ധന പാലിക്കാൻ ഇൗ മാസം രണ്ടിനാണ് ജോമി ദുബൈയിലെത്തിയത്. ആരോഗ്യപ്രവർത്തക എന്ന നിലയിൽ ആ തടസ്സമില്ലാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം അനുഷയും സൗദിയിലേക്ക് വിമാനം കയറി.
റിയാദിന് സമീപം അൽഖർജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ജോമി കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. ജനുവരിയിൽ അനുഷ വർഗീസിനെ വിവാഹം കഴിച്ചു. ഇതിനിടയിൽ കോവിഡ് വന്നതോടെ സൗദിയിലേക്കുള്ള തിരിച്ചുവരവ് മുടങ്ങി. അബ്ദൽ റിക്രൂട്ട്മെൻറ് കമ്പനിയുടെ കീഴിൽ അനുഷക്ക് റിയാദിലേക്കുള്ള വിസ ശരിയായതോടെ ഒരുമിച്ച് കഴിയാമല്ലോ എന്ന സന്തോഷത്തിലാണ് ജോമി സൗദിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയത്.
14 ദിവസം എന്ന കടമ്പയുള്ളതിനാൽ ജോമി നേരത്തെ പുറപ്പെട്ടു. ദുബൈയിലുള്ള സഹോദരൻ നിഥിെൻറ കൂടെ കഴിയുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിക്രൂട്ട് ചെയ്യപ്പെട്ട മറ്റ് നഴ് സുമാരോടൊപ്പമാണ് അനുഷ സൗദി എയർലൈൻസിൽ ഞായറാഴ്ച റിയാദിലെത്തിയത്. തിങ്കളാഴ്ച റിയാദ് കെയർ ആശുപത്രിയിലെത്തി ജോലിയിൽ ചേരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഭർത്താവ് ആശുപത്രിയിലാതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല.
റിയാദിലുള്ള മലയാളി നഴ്സ് ആനി സാമുവൽ വഴി സാവകാശം അനുഷയെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അബ്ദൽ കമ്പനി മാനേജുമെൻറുമായി ബന്ധപ്പെട്ട് അനുഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ജോമിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദിയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഇർഫാൻ മുഹമ്മദും രംഗത്തുണ്ട്. യോഹന്നാൻ ജോസഫാണ് മരിച്ച ജോമിയുടെ പിതാവ്. അമ്മ: മോളിക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.