സൗദി മാരിടൈം കോൺഗ്രസ് ദമ്മാമിൽ
text_fieldsദമ്മാം: കടൽവഴിയുള്ള ചരക്കുനീക്ക മേഖലയെ നൂതന സാങ്കേതികവിദ്യകളിലൂടെ പരിപോഷിപ്പിക്കാൻ സാധ്യത തേടി സൗദി മാരിടൈം കോൺഗ്രസ്. ഗൾഫിലെ കപ്പൽവ്യാപാര (ഷിപ്പിങ് ലോജിസ്റ്റിക്സ്) മേഖലയിൽ ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടി സെപ്റ്റംബർ 28, 29 തീയതികളിൽ ദമ്മാമിൽ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ആഗോള ഷിപ്പിങ് ലോജിസ്റ്റിക്സ് പരിപാടിയായാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
ഗൾഫ് മേഖലയെ മുഴുവൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മാരിടൈം കോൺഗ്രസിൽ ആഗോള ഷിപ്പിങ് രംഗത്തെ മുൻനിരക്കാരായ 50ഓളം വിദഗ്ധ സ്ഥാപനങ്ങൾ പങ്കെടുക്കും. ഈ മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ പ്രദർശിപ്പിക്കുകയും ഇത്തരം സാങ്കേതികവിദ്യകളിലൂടെ സ്വയം ഉയരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമാണ് മാരിടൈം കോൺഗ്രസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. സൗദിയിൽ നടക്കുന്ന ഏറ്റവും വലിയ ആഗോള ഷിപ്പിങ് ഇവന്റാവും മാരിടൈം കോൺഗ്രസ്.
ഷിപ്പിങ് മേഖലയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാക്കുന്നതാണ് സമ്മേളനം പ്രധാനമായും ചർച്ചചെയ്യുന്നത്. നിർമിത ബുദ്ധിയുപയോഗിച്ചുള്ള സംവിധാനങ്ങൾ, പുതിയ ആപ്ലിക്കേഷനുകൾ വഴിയുള്ള ആശയവിനിമയവും വിവരശേഖരണവും, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സെൻസറുകൾ തുടങ്ങി ആധുനികവത്കരണത്തിന്റെ സർവ സാധ്യതയും ഈ മേഖലകളിൽ പ്രാവർത്തികമാക്കാനുള്ള ശ്രമമുണ്ടാവും.
'വിഷൻ 2030'ന്റെ ഭാഗമായി കാർബൺമുക്ത ഗതാഗത സംവിധാനങ്ങളെയും മാരിടൈം കോൺഗ്രസ് ലക്ഷ്യംവെക്കുന്നുണ്ട്. വ്യവസായത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറക്കുന്നതിലേക്കുള്ള ലക്ഷ്യം ഉത്തേജിപ്പിക്കുന്നതിനും ഡേറ്റയും സാങ്കേതികവിദ്യയും ഈ മേഖലയിൽ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഷിപ്പിങ് രംഗത്തെ പ്രമുഖരായ എ.ബി.എസ് കമ്പനി മെന റീജനൽ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ക്രിസ് ഗ്രീൻവുഡ് പറഞ്ഞു. ഈ മേഖലയുടെ പ്രവർത്തനക്ഷമത പുഷ്ടിപ്പെടുത്താൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുമെന്ന് മാരിടൈം കോൺഗ്രസിൽ എത്തുന്ന കമ്പനികൾ ചർച്ച ചെയ്യും.
നിലവിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ കണ്ടെത്തുന്നതിനൊപ്പം, പുതിയ സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ച് ഈ മേഖലയെ പരിചയപ്പെടുത്താനും ബോധവത്കരിക്കാനും സഹായിക്കുന്ന വിദഗ്ധരെയും നേതാക്കളെയും മാരിടൈം കോൺഗ്രസ് പങ്കെടുപ്പിക്കുമെന്നും ക്രിസ് ഗ്രീൻവുഡ് പറഞ്ഞു. ഡിജിറ്റലൈസേഷന്റെ സഹായത്തോടെ നേടാൻ കഴിഞ്ഞത് എന്താണെന്ന് തങ്ങളുടെ അനുഭവങ്ങൾ പങ്കിടുന്നത് മറ്റു കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും വ്യവസായത്തിന്റെ മൊത്തത്തിലുള്ള നിലവാരം ഉയർത്തുകയുംചെയ്യുമെന്ന് ടി.ടി.എം.എസ് കമ്പനി ഗൾഫ് ഡയറക്ടർ അബ്ദുൾ ഫാൽ പറഞ്ഞു.
ഡിജിറ്റലൈസേഷൻ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ തുറമുഖ നിലവാരം ഉയർത്തി പ്രാദേശിക, ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയാണ് മാരിടൈം കോൺഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്ന് മാരിടൈം ഇവന്റുകളുടെ ഗ്രൂപ് ഡയറക്ടർ ക്രിസ് മോർലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.