‘സൗദി മീഡിയ ഫോറം 2024’; മാധ്യമ സമ്മേളനത്തിന് റിയാദിൽ ഇന്നു തുടക്കം
text_fieldsറിയാദ്: ‘സൗദി മീഡിയ ഫോറം 2024’ എന്ന മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. മൂന്നാമത് സൗദി മീഡിയ ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഒരുക്കവും റിയാദിൽ പൂർത്തിയായി. സൗദി ജേണലിസ്റ്റ് അസോസിയേഷനുമായി സഹകരിച്ച് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. ഒന്നും രണ്ടും പതിപ്പുകൾക്കുണ്ടായ വിജയത്തിന്റെ തുടർച്ചയാണ് മൂന്നാം പതിപ്പിൽ സംഘടിപ്പിക്കുന്നത്. ഇത്തവണ വ്യത്യസ്തവും സമ്പന്നവുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
മാധ്യമ മേഖല ഉൾപ്പെടെ എല്ലാ തലങ്ങളിലും ലോകം സാക്ഷ്യം വഹിക്കുന്ന മാറ്റത്തിന്റെ വെളിച്ചത്തിൽ സൗദി മാധ്യമ വ്യവസായത്തെ വികസിപ്പിക്കുന്നതിനും അതിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനുമുള്ള സമ്മേളനത്തിന്റെ പ്രാധാന്യവും പങ്കും ഉയർത്തിക്കാട്ടുന്നതാണ് ഇത്തവണത്തെ ഫോറം പരിപാടികൾ.
നിക്ഷേപ അവസരങ്ങൾക്കായി ഊർജസ്വലവും ഫലപ്രദവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക, മാധ്യമ മേഖലയിലെ പ്രാദേശികവും അന്തർദേശീയവുമായ അനുഭവങ്ങൾ കൈമാറുക, മീഡിയ ഫോറം വഴി മാധ്യമങ്ങളിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ മാധ്യമ അനുഭവങ്ങൾ ഉയർത്തിക്കാണിക്കുക, എല്ലാ പ്രാദേശിക അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിതിലുൾപ്പെടും. സൗദി മാധ്യമ വ്യവസായത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം മുന്നേറുന്നതിനും ഫോറം സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ.
2000 ഒാളം മാധ്യമ വിദഗ്ധർ, ഗവേഷകർ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർ സമ്മേളനത്തിൽ പെങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമ മേഖലയിലെ വിവിധ വിഷയങ്ങളിൽ 30 സെഷനുകളും 25 പ്രത്യേക ശിൽപശാലകളും ഫോറത്തിലുണ്ടാകും. വിവിധ മേഖലകളിൽ അനുഭവപരിചയവും കഴിവുമുള്ള ഒരു കൂട്ടം വിദഗ്ധരും അക്കാദമിക് വിദഗ്ധരും പ്രാക്ടീഷണർമാരും വിഷയം അവതരിപ്പിക്കും. കൂടാതെ സൗദി സർവകലാശാലകളിൽ നിന്നുള്ള ഡസൻ കണക്കിന് മീഡിയ, കമ്യൂണിക്കേഷനിൽ പഠനം നടത്തുന്ന വിദ്യാർഥികളും മേളയുടെ ഭാഗമാകും.
ഫോറത്തിന്റെ ഭാഗമായി ഫ്യൂച്ചർ ഓഫ് മീഡിയ (ഫോമെക്സ്) എന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മാധ്യമ വ്യവസായത്തിലെ ആധുനിക അനുഭവങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശനപരിപാടിയായിരിക്കുമിത്. കൂടാതെ അവാർഡ് വിതരണം, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികളും ഫോറത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.